രജിനി സാറിന് വേണ്ടി എഴുതിയ കഥയിലാണ് ജയറാം സാര്‍ വന്നത്, ഉര്‍വശി മാമിന് പകരം ആരെയും കിട്ടിയില്ല: സംവിധായകന്‍ പാണ്ഡിരാജ്
Indian Cinema
രജിനി സാറിന് വേണ്ടി എഴുതിയ കഥയിലാണ് ജയറാം സാര്‍ വന്നത്, ഉര്‍വശി മാമിന് പകരം ആരെയും കിട്ടിയില്ല: സംവിധായകന്‍ പാണ്ഡിരാജ്
അമര്‍നാഥ് എം.
Monday, 18th May 2026, 7:21 am

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് പാണ്ഡിരാജ്. പസങ്ക എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച പാണ്ഡിരാജ് ഒന്നിനൊന്ന് മികച്ച സിനിമകളാണ് ഒരുക്കിയിട്ടുള്ളത്. കഥകളി എന്ന ആക്ഷന്‍ ത്രില്ലറിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ പാണ്ഡിരാജിന് സൂര്യയുമായി ഒന്നിച്ച എതര്‍ക്കും തുനിന്തവനില്‍ കൈപൊള്ളിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ തലൈവന്‍ തലൈവിയിലൂടെ അദ്ദേഹം തിരിച്ചുവന്നു.

തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. മലയാളികളുടെ ഇഷ്ട കോമ്പോയായ ജയറാമും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ഒരൊറ്റ ടീസറിലൂടെ ചിത്രത്തിന്റെ ഹൈപ്പ് ഉയരുകയായിരുന്നു.

പാണ്ഡിരാജ് Photo: Behindwoods

ഇപ്പോഴിതാ പരിമള ആന്‍ഡ് കോയെക്കുറിച്ച് സംസാരിക്കുകയാണ് പാണ്ഡിരാജ്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഫണ്‍ റൈഡാണ് ഈ ചിത്രമെന്ന് പാണ്ഡിരാജ് പറഞ്ഞു. കോമഡിക്കാണ് പ്രാധാന്യമെങ്കിലും ചെറിയ ഇമോഷണല്‍ രംഗങ്ങളും ഇതില്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു പാണ്ഡിരാജ്.

‘ഈ കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഇതില്‍ രജിനി സാര്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരും. പിന്നീട് കമല്‍ സാറിനെയും ഞാന്‍ ആലോചിച്ചു. പാപനാശത്തിലെ പോലെ അദ്ദേഹത്തിന്റെ ഈസിയായിട്ടുള്ള പെര്‍ഫോമന്‍സ് ഈ സിനിമക്ക് കിട്ടും. ഇവര്‍ രണ്ട് പേരുമല്ലെങ്കില്‍ വേറെ ആര് എന്ന ചിന്തയിലാണ് ജയറാം സാറിന്റെ പേര് എന്റെ മനസില്‍ വന്നത്.

പരിമള ആന്‍ഡ് കോ Photo: Screen grab/ Lyca Productions

അദ്ദേഹത്തിന് ഈസിയായി പുള്‍ ഓഫ് ചെയ്യാന്‍ പറ്റി. നായകന്റെ കാര്യത്തില്‍ മാത്രമേ ഈയൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നുള്ളൂ. നായികയായി ആദ്യമേ ഉര്‍വശി മാമിനെ തന്നെ ഫിക്‌സ് ചെയ്തു. അതില്‍ വേറൊരു ഓപ്ഷന്‍ എനിക്ക് കിട്ടിയില്ല. ഉര്‍വശി മാമിന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയാറായിരുന്നു. പക്ഷേ, അവര്‍ക്ക് പകരം മറ്റൊരാളെ വിചാരിക്കാന്‍ സാധിച്ചില്ല,’ പാണ്ഡിരാജ് പറഞ്ഞു.

താന്‍ മുമ്പ് ചെയ്ത തലൈവന്‍ തലൈവിയിലും ഇതുപോലെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നായകനായി പലരെയും താന്‍ മനസില്‍ കണ്ടിരുന്നെന്നും നായികയായി നിത്യ മേനന്‍ മാത്രമായിരുന്നു തന്റെ മനസിലെന്നും പാണ്ഡിരാജ് കൂട്ടിച്ചേര്‍ത്തു. കലൈയരസി എന്ന കഥാപാത്രം നിത്യ അത്രമാത്രം ഗംഭീരമാക്കിയെന്നും സംവിധായകന്‍ പറയുന്നു.

Content Highlight: Director Pandiraj about the casting of Jayaram and Urvashi in Parimala and Co movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം