തിയേറ്ററില്‍ ഇത് അടിക്കുമെന്ന് ഉറപ്പുപറഞ്ഞെങ്കിലും എന്റെ ജഡ്ജ്മെന്റ് പാളുമോ എന്ന് ഭയന്നിരുന്നു: മിഥുന്‍ മാനുവല്‍ തോമസ്
Movie Day
തിയേറ്ററില്‍ ഇത് അടിക്കുമെന്ന് ഉറപ്പുപറഞ്ഞെങ്കിലും എന്റെ ജഡ്ജ്മെന്റ് പാളുമോ എന്ന് ഭയന്നിരുന്നു: മിഥുന്‍ മാനുവല്‍ തോമസ്
അക്ഷര
Wednesday, 1st July 2026, 2:53 pm

 

നടന്‍ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തി വലിയ വിജയം നേടിയ ‘ഭരതനാട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തെക്കുറിച്ചും സിനിമയുടെ റിലീസ് സമയത്തുണ്ടായ തന്റെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ സന്തോഷം പങ്കുവെച്ചത്.

‘ഏറെ സന്തോഷമുണ്ട് ഇവിടെ നില്‍ക്കുമ്പോള്‍. സൈജു ഏട്ടന്റെ 150ാമത് സിനിമ വലിയ വിജയമായതിന്റെ വേദിയില്‍ വെച്ച്, ആ സിനിമയ്ക്ക് ധാര്‍മിക പിന്തുണ കൊടുത്തതിന്റെ പേരില്‍ എനിക്കൊരു ഫലകം തന്നിരിക്കുകയാണ്. അത് അതിലും വലിയ സന്തോഷം.

സൈജു ചേട്ടനും ഞാനും തമ്മില്‍ നീണ്ട വര്‍ഷത്തെ സൗഹൃദമാണുള്ളത്. അദ്ദേഹം നായകനായ ഒരു സിനിമ വിജയിക്കുക എന്നത് അദ്ദേഹത്തെപ്പോലെ തന്നെ ഞങ്ങളുടേയും വലിയൊരു ആഗ്രഹമായിരുന്നു,’ മിഥുന്‍ പറഞ്ഞു.

സംവിധായകന്‍ കൃഷ്ണദാസ് മുരളി ഇതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് തന്നെക്കൊണ്ട് ആദ്യം വായിപ്പിച്ചപ്പോള്‍ തന്നെ ഞാന്‍ ഒരുപാട് ചിരിച്ചിരുന്നു. സൈജു ചേട്ടനോട് ഇത് തീര്‍ച്ചയായും വര്‍ക്കാവുമെന്ന് ഞാന്‍ പറയുകയും ചെയ്തു.

എന്നാല്‍ റിലീസ് സമയത്ത് സ്വന്തം സിനിമ തിയേറ്ററില്‍ എത്തുന്നതുപോലെയുള്ള കടുത്ത ടെന്‍ഷനായിരുന്നു. കൃഷ്ണദാസിനോട് ഇത് തിയേറ്ററില്‍ ‘അടിക്കും അടിക്കും’ എന്ന് ഞാന്‍ ഉറപ്പുപറഞ്ഞതാണ്. എങ്കിലും തിയേറ്ററില്‍ ഇത് വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ എന്റെ ജഡ്ജ്മെന്റ് മൊത്തം പാളിപ്പോകുമല്ലോ എന്ന വലിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

എന്നാല്‍ റിലീസിന് ശേഷം  ആശങ്കകളെല്ലാം മാറി. സിനിമ വലിയ വിജയമായെന്ന് മാത്രമല്ല, അതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ചിത്രത്തിലെ ഓരോ ക്യാരക്ടറിനും ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് പോലും തുടങ്ങാന്‍ സാധിക്കുന്ന അത്രയും വലിയ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. കഥാപാത്രങ്ങള്‍ പറഞ്ഞ സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ‘ഭരതന്‍ നായരുടെ ഫാമിലി’ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തന്നെ നടന്നു കയറി, മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Midhun Manuel Thomas about Mohiniyattam movie