മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമാണ് കമല്‍. മിഴിനീര്‍പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത് . മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ കമല്‍ നാല്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഉള്ളടക്കം, മഴയെത്തും മുന്‍പേ തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്.

കമലിന്റെ കഥയെ ആസ്പദമാക്കി രഞ്ജിത്ത് തിരക്കഥയൊരുക്കി കമല്‍ തന്നെ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ജയറാം, പാര്‍വതി, ജഗതി ശ്രീകുമാര്‍, ഫിലോമിന, ഇന്നസെന്റ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ സര്‍പ്രൈസ് കാമിയോ റോളില്‍ മോഹന്‍ലാലും വേഷമിട്ടിരുന്നു.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. Photo: Youtube.com

സിനിമയ്ക്ക് പുറത്ത് ആരെയും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടത്. തിയേറ്റര്‍ റിലീസിന്റെ സമയത്തായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ട കാര്യം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. വിവരം ഇത്രയും രഹസ്യമായി വെക്കാന്‍ വേണ്ടി തങ്ങള്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സെറ്റില്‍ ഞങ്ങള്‍ കുറച്ച് പേര്‍ക്ക് അല്ലാതെ ലാല്‍ അതിലുണ്ട് എന്ന കാര്യം പബ്ലിസിറ്റി ചെയ്തിട്ടില്ല. അന്ന് നാനയെല്ലാം ആണ് ഉള്ളത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞ് നാനയുടെ ലേഖകന്‍ വന്നിരുന്നു. ഒരു കാരണവശാലും ഈ ന്യൂസ് പുറത്ത് പോവരുതെന്നും അങ്ങനെ ഉണ്ടായാല്‍ ഇനിയൊരു സിനിമയ്ക്ക് വേണ്ടിയും ഞാനും മോഹന്‍ലാലും സഹകരിക്കില്ലെന്നും ചട്ടം കെട്ടി.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. Photo: Youtube.com

അങ്ങനെ ഒരാള്‍ പോലും ആ കാര്യം അറിഞ്ഞില്ല. പടം റിലീസ് ചെയ്ത് മോഹന്‍ലാലിനെ സ്‌ക്രീനില്‍ കണ്ട് ഒരു രണ്ട് മൂന്ന് സെക്കന്‍ഡ് സൈലന്‍സ് കഴിഞ്ഞിട്ടാണ് ഫാന്‍സ് പോലും കൈയടിച്ചത്. കാരണം ലാലിന്റെ എന്‍ട്രി അങ്ങനെയായിരുന്നല്ലോ. പക്ഷേ ഇന്ന് അത് നടക്കില്ല. ഈ സോഷ്യല്‍ മീഡിയയുടെ കാലത്ത് നമുക്ക് അങ്ങനെ രഹസ്യമാക്കാന്‍ പറ്റില്ല. ഏതെങ്കിലും ഒരു സിനിമയില്‍ ഇവരൊരു കാമിയോ ചെയ്യാന്‍ തീരുമാനിച്ചാല്‍ തന്നെ ന്യൂസ് പുറത്തുവരും,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal talks about Mohanlal’s surprise cameo