ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത സംവിധായകനാണ് ചിദംബരം. 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ മലയാളത്തിന് പുറത്തും ചിദംബരത്തിന് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 240 കോടിയിലധികമായിരുന്നു സ്വന്തമാക്കിയത്.

ബാലന്‍ ദി ബോയ്. Photo: District
ചിത്രത്തിന് ശേഷം ഒരു വമ്പന്‍ സ്‌കെയിലിലുള്ള ചിത്രവുമായിട്ടായിരിക്കും സംവിധായകന്‍ എത്തുക എന്ന് പലരും കരുതിയിരുന്നെങ്കിലും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബാലന്‍ ദി ബോയ് എന്ന ചിത്രവുമായാണ് ചിദംബരം തിയേറ്ററുകളിലേക്കെത്തുന്നത്. നേരത്തേ മോഹന്‍ലാലിനെ നായകനാക്കി ചിദംബരം ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംവിധായകന്‍ തന്നെ അത് നിഷേധിക്കുകയായിരുന്നു.
എന്നാല്‍ ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നുള്ള വാര്‍ത്തകളെ ശരിവെക്കുന്ന ചിദംബരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ബോളിവുഡ് ചിത്രത്തിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ സ്റ്റാര്‍സിനെയെല്ലാം കാസ്റ്റ് ചെയ്യുന്നതേയുള്ളൂ. ഹിന്ദിയില്‍ ഒരു പ്രീ പ്രൊഡക്ഷന്‍, അതിന്റെ ഇന്‍ക്യുബേഷന്‍ സമയം എന്നൊക്കെ പറഞ്ഞാല്‍ ഏകദേശം രണ്ട് വര്‍ഷത്തോളമാണ്. ഒരുപാട് വലിയ കമ്പനികളെല്ലാം ഇന്‍വോള്‍വ് ചെയ്യുന്നതായത് കൊണ്ട് ഇതിന് ഒരുപാട് സമയം ആവശ്യമായി വന്നേക്കാം. ഇതിന്റെ ഇടയില്‍ എനിക്ക് വേണമെങ്കില്‍ ഒരു മലയാളം സിനിമ കൂടെ ചെയ്യാനുള്ള സമയമുണ്ട്. ഹിന്ദിയില്‍ ചെയ്യുന്നതും എന്റെ കഥ തന്നെയാണ്, ഞാനും മറ്റ് രണ്ട് പേരും തിരക്കഥയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്,’ചിദംബരം പറഞ്ഞു.

ബാലന്‍ ദി ബോയ്. Photo: X.com
ആവേശത്തിന്റെ സംവിധായകനായ ജിത്തു മാധവന്റെ തിരക്കഥയില്‍ ചിദംബരം ഒരുക്കിയ ബാലന്‍ ദി ബോയ് ജൂണ്‍ 19നാണ് തിയേറ്ററുകളിലെത്തുന്നത്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തിരുന്നു. താന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ട ഏറ്റവും മികച്ച ചിത്രം എന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്.
Content Highlight: Director Chidambaram talks about his Bollywood project
