ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തയാളാണ് ചിദംബരം എസ്. പൊതുവാള്‍. തന്റെ മൂന്നാമത്തെ ചിത്രമായ ബാലന്‍ ദി ബോയിലൂടെ മികച്ച നിരൂപക പ്രശംസ നേടാനും സംവിധായകന് സാധിച്ചിരുന്നു. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രം മുപ്പത് കോടിയിലധികം നേടി മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് 243 കോടിയോളം നേടി വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. കൊടൈക്കനാലിലെ ഗുണ കേവ്‌സിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ഗുണ കേവില്‍ അകപ്പെടുന്നതും പ്രതിസന്ധകളെ തരണം ചെയ്ത് ഇയാളെ കേവില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുക്കളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലടക്കം വലിയ വിജയമായ ചിത്രം മലയാളത്തില്‍ ഇന്നേവരെ പുറത്തിറങ്ങിയതില്‍ വെച്ച് മികച്ച സര്‍വൈവര്‍ ത്രില്ലറായി മാറുകയും ചെയ്യുകയായിരുന്നു.
ചിദംബരം എസ്. പൊതുവാള്‍. Photo: Screen Grab/ Cue studio/ Youtube.com
ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച കുട്ടന് ഒരു ക്ലോഷര്‍ ലഭിക്കുന്ന പോലെ ഗുഹയ്ക്കും ഒരു ക്ലോഷര്‍ ലഭിക്കുന്നുണ്ട്. ഗുഹ ഗേറ്റ് വെച്ച് അവസാനം അടക്കുന്നുണ്ട്. സൈലന്‍സില്‍ എല്ലാവരും ഒഴിഞ്ഞ് ഗുഹ ഒറ്റയ്ക്ക് നില്‍ക്കുന്നത് കാണാം. ഗുഹയുടെ കൂടെ ഒരു പേ ഓഫാണ് അത്. ഗുഹ തെറ്റൊന്നും ചെയ്തിട്ടില്ല, ഗുഹ ഇസ് ജസ്റ്റ് ബീയിങ് ഗുഹ, ആരെക്കെയോ വന്ന് പോയി അവിടെ നാശനഷ്ടമുണ്ടാക്കുകയും അവിടെ കോറി വരക്കുകയും ചെയ്യുന്നതിന് പകരമായിട്ടാണ് ആ ലാസ്റ്റ് സീക്വന്‍സ്.
ഞാന്‍ വ്യക്തിപരമായി ഏറ്റവും ആസ്വദിച്ച് ചെയ്ത സീനും അതാണ്. ക്ലൈമാക്‌സിലെ ലാസ്റ്റ് സ്വീകന്‍സില്‍ എത്രയാള്‍ക്ക് കിട്ടി എന്നറിയില്ല, ലാസ്റ്റ് ഷോട്ടില്‍ അടിയില്‍ നിന്നും ഇങ്ങനെ പുക വരുന്നത് കാണിച്ചിട്ടുണ്ട്. അത് കാറ്റടിക്കുമ്പോള്‍ മഞ്ഞ് വരുന്നതാണ്. എല്ലാവരും പോയി കഴിഞ്ഞ് ചെകുത്താന്‍ അകത്ത് നിന്നും വീണ്ടും കുക്കിങ് സ്റ്റാര്‍ട്ട് ചെയ്തു എന്ന പോലെ. അതാണ് എനിക്ക് ഏറ്റവും പോയറ്റിക് ആയി തോന്നിയത്. ആ മഞ്ഞ് അവിടെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് എഴുതി വെച്ചതില്‍ പോയി മറയ്ക്കുമ്പോള്‍ ഒരുപാട് മഞ്ഞുമ്മല്‍ ബോയ്‌സ് ഇനിയും വരാനിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്,’ ചിദംബരം പറഞ്ഞു.
Content Highlight: Director Chidambaram S Poduval talks about Guna cave in Manjummel Boys Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.