ലോകകപ്പ് സര്‍പ്രൈസ്! ഷമി, ഭുവി.... ഇത് ഒരൊന്നന്നര ടീം; സ്‌ക്വാഡ് പ്രഖ്യാപിച്ച് സൂപ്പര്‍ താരം
2027 ODI World Cup
ലോകകപ്പ് സര്‍പ്രൈസ്! ഷമി, ഭുവി.... ഇത് ഒരൊന്നന്നര ടീം; സ്‌ക്വാഡ് പ്രഖ്യാപിച്ച് സൂപ്പര്‍ താരം
ആദർശ് എം.കെ.
Saturday, 1st August 2026, 9:17 pm

നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള തന്റെ 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടിക്ക് ശേഷം ഇന്ത്യ വിദേശ മണ്ണില്‍ തിളങ്ങാന്‍ ശേഷിയുള്ള ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.

ഇതിനിടെയാണ് വെറ്ററന്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച കൂട്ടുകെട്ടുകളിലൂടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിട്ടുള്ള രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരെത്തന്നെയാണ് കാര്‍ത്തിക് ഓപ്പണര്‍മാരായി പിന്തുണയ്ക്കുന്നത്. വിരാട് കോഹ്‌ലി തന്നെയാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ടീമിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്നത്. യശസ്വി ജെയ്‌സ്വാളിനെയും താരം ഉള്‍പ്പെടുത്തുന്നുണ്ട്.

ശ്രേയസ് അയ്യരും ടീമില്‍ ഇടം പിടിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനെയും കെ.എല്‍. രാഹുലിനെയുമാണ് ദിനേഷ് കാര്‍ത്തിക് സ്‌ക്വാഡിന്റെ ഭാഗമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com

ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമാണുള്ളത്.

വെറ്ററന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തിരിച്ചുവരവാണ് കാര്‍ത്തികിന്റെ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്.

ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യക്കായി ഏകദിനം കളിച്ചിട്ടില്ല. ഷമിയാകട്ടെ 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുമില്ല. ഇവരോടൊപ്പം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിലുണ്ട്.

ദിനേശ് കാര്‍ത്തിക് തെരഞ്ഞെടുത്ത 15 അംഗ സ്‌ക്വാഡ്

  • രോഹിത് ശര്‍മ
  • ശുഭ്മാന്‍ ഗില്‍
  • വിരാട് കോഹ്‌ലി
  • ശ്രേയസ് അയ്യര്‍
  • കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍)
  • യശസ്വി ജയ്സ്വാള്‍
  • ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
  • ഹര്‍ദിക് പാണ്ഡ്യ
  • അക്‌സര്‍ പട്ടേല്‍
  • നിതീഷ് കുമാര്‍ റെഡ്ഡി
  • കുല്‍ദീപ് യാദവ്
  • ജസ്പ്രീത് ബുംറ
  • മുഹമ്മദ് സിറാജ്
  • മുഹമ്മദ് ഷമി
  • ഭുവനേശ്വര്‍ കുമാര്‍

 

Content Highlight: Dinesh Karthik has selected his 15-member Indian squad for the 2027 ICC World Cup.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.