2022ല്‍ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി അനൗണ്‍സ് ചെയ്ത സിനിമയായിരുന്നു പള്ളിച്ചട്ടമ്പി. അന്ന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും പുറത്ത് വന്നിട്ടില്ല.

പള്ളിച്ചട്ടമ്പി ഇനി എന്നാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമ വരാനുണ്ട്. ടൊവിനോയെ നായകനാക്കിയാണ് വരുന്നത്. സിനിമ സ്റ്റാര്‍ട്ട് ചെയ്യുന്നുണ്ട്. പോസ്റ്റര്‍ ഒക്കെ ഇറക്കിയിട്ട് മൂന്ന് വര്‍ഷമായി. പക്ഷേ അത് ചെയ്യാന്‍ കഴിയണ്ടേ. വളരെ വലിയ സിനിമയാണ്. മിക്കവാറും അടുത്ത് ജനുവരിയില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങും.

ഷാരിസുമായി ഞാന്‍ ഡിസ്‌കസ് ചെയ്തിരുന്നു. ഇതിന്റെ കഥ എഴുതുന്നത് സുരേഷേട്ടനാണ് (സുരേഷ് ബാബു). വലിയ സിനിമയാണ്, അതുകൊണ്ട് അതിന് പ്രത്യേകം ടൈം ഇന്‍വെസ്റ്റ് ചെയ്യണം. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ സിനിമയുടെ വര്‍ക്ക് തുടങ്ങണം,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

അടുത്ത പടം മോഹന്‍ലാലിനെ നായകനാക്കിയാണോ എന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി. താന്‍ അങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങില്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്. ഒപ്പം മോഹന്‍ലാലിനോട് ഇതുവരെ മൂന്ന് സിനിമകളുടെ കഥ പറഞ്ഞിട്ടുണ്ടെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങില്‍ ആണ്. അടുത്ത സിനിമ ഏതാണെന്ന് പോലും സത്യത്തില്‍ തീരുമാനിച്ചിട്ടില്ല. ലാലേട്ടനോട് കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത്, ഞാന്‍ ലാലേട്ടനോട് മൂന്ന് തവണയോളം കഥ പറഞ്ഞിട്ടുണ്ടെന്നാണ്.

ഞാന്‍ അദ്ദേഹത്തോടൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പരസ്യങ്ങളില്‍ ആണെന്ന് മാത്രം. എനിക്ക് ലാല്‍ സാറിനെ പേര്‍സണലി തന്നെ അറിയാം. അദ്ദേഹത്തോട് ആദ്യത്തെ തവണ കഥ പറഞ്ഞു. എന്നാല്‍ അത് വര്‍ക്കായില്ല. രണ്ടാമത്തെ കഥയെ കുറിച്ച് പെട്ടെന്ന് ചോദിച്ചാല്‍ അത് വര്‍ക്കായില്ല എന്ന് പറയാം.

ആ കഥയുടെ മുകളില്‍ കുറേ സമയം ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ അതും വര്‍ക്കായില്ല. മൂന്നാമത്തെ സിനിമയുടെ കഥ പറഞ്ഞിട്ട് ഇപ്പോള്‍ അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സിനിമയുടെ സ്റ്റേജസ് ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Dijo Jose Antony Talks About Pallichattambi Movie With Tovino Thomas