ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ വിചാരണ തടവില്‍ കഴിയുന്ന മുന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍
ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ ദല്‍ഹി ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ ഒരു വര്‍ഷത്തേക്ക് വിലക്കിക്കൊണ്ടുള്ള ഈ വര്‍ഷം ജനുവരി അഞ്ചിലെ സുപ്രീം കോടതി വിധി മറി കടക്കാനാവില്ലെന്ന് ജാമ്യ ഹരജി തള്ളിയ ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരഗിണിച്ചത്. ഷര്‍ജീലിന്റെയും ഉമറിന്റെയും ജാമ്യത്തിന്റെ കാര്യത്തില്‍ മേല്‍ക്കോടതിയായ സുപ്രീം കോടതി ചുമത്തിയ നിബന്ധനകളില്‍ മാറ്റം വരുത്താനാവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ കോടതിക്ക് നിയമപരമായ നടപടിക്രമങ്ങളും കീഴ് വഴക്കങ്ങളും പാലിക്കാന്‍ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഉമറിനും ഷര്‍ജീലിനും ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം നല്‍കരുതെന്നായിരുന്നു ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതില്‍ ഒരു വര്‍ഷമാണോ ഈ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുന്നതാണോ ആദ്യം സംഭവിക്കുന്നത് അതിന് ശേഷം ജാമ്യം പരിഗണിക്കാമെന്നാണ് ഇത് പ്രകാരമുള്ള വ്യവസ്ഥ. ജനുവരി അഞ്ചിന് ഇരുവര്‍ക്കും ജാമ്യം നിഷേധിക്കവെയാണ് കോടതി ഈ നിബന്ധനകള്‍ വെച്ചത്.

എന്നാല്‍ ജനുവരിയിലെ സുപ്രീം കോടതി വിധിയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈ വര്‍ഷം മെയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് ജനുവരിയില്‍ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചതെന്നാണ് മെയില്‍ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് മെയില്‍ മറ്റൊരു കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ടെന്നും ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് അന്ന് നിരീക്ഷിച്ചിരുന്നു.

കെ.എം. നജീബ് കേസിലെ വിധി ജനുവരിയില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നിട്ടുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ നിരീക്ഷണത്തിന് ശേഷമാണ് ഷര്‍ജീലും ഉമറും വീണ്ടും ജാമ്യ ഹരജിയുമായി ആദ്യം വിചാരണ കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചത്. ഈ വര്‍ഷം ജനുവരിയിലെ സുപ്രീം കോടതി നിരീക്ഷണം നിലവിലുണ്ടെങ്കിലും സാഹചര്യങ്ങളിലുണ്ടായ മൂന്ന് മാറ്റങ്ങള്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലെ വിധി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുനഃപരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു എന്നതാണ് ഒരു സാഹചര്യമായി ചൂണ്ടിക്കാട്ടുന്നത്.

വിചാരണ വൈകിയെന്ന കാരണത്താല്‍ മാത്രം മറ്റ് പ്രതികളായ തസ്ലീം അഹമ്മദിനും ഖാലിദ് സൈഫിക്കും ഇടക്കാല ജാമ്യം അനുവദിച്ചുവെന്നതാണ് മറ്റൊരു സാഹചര്യമായി ഹരജിക്കാര്‍ പറയുന്നത്. ജനുവരിയിലെ വിധിക്ക് ശേഷം പുതിയ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ച തീയതി ആയപ്പോഴേക്കും അധികമായി ആറുമാസം കൂടി പിന്നിട്ടുവെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ജൂലൈയില്‍ വിചാരണക്കോടതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഷര്‍ജീലും ഉമറും ഹരജി സമര്‍പിച്ചിരുന്നു. എന്നാല്‍ ജൂലൈ നാലിന് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ഇരുവരുടെയും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പാലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) നിയമത്തിലെ വകുപ്പ് 21 പ്രകാരം ഇരുവരും ഹൈക്കോടതിയില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു.

ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഇതിന് മുമ്പ് മാറ്റിവെച്ചിരുന്നു. ഉമര്‍ ഖാലിദിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ട്രിദീപ് പൈസാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്. ഷര്‍ജീല്‍ ഇമാമിനുവേണ്ടി അഭിഭാഷകരായ താലിബ് മുസ്തഫ, അഹമ്മദ് ഇബ്രാഹിം എന്നിവര്‍ ഹാജരായി. ഡല്‍ഹി പോലീസിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഹാജരായി.

അപ്പീലുകള്‍ പരിഗണിക്കുന്നത് ജനുവരി ആദ്യവാരം വരെ നീട്ടിവെക്കാന്‍ തയ്യാറാണോ എന്ന് ഉമറിനും ഷര്‍ജീലിനും വേണ്ടി ഹാജരായ അഭിഭാഷകരോട് ഇന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ആ കാര്യത്തിന് ഹരജിക്കാരുടെ അഭിഭാഷകര്‍ വിസമ്മതിച്ചു.

2020ലെ ദല്‍ഹി കലാപത്തിന് കാരണമാവുന്ന വിശാല ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് ഉമറിനും ഷര്‍ജീലിനുമെതിരായ ആരോപണം. ഈ കേസില്‍ ദല്‍ഹി പൊലീസായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ആറ് വര്‍ഷത്തിലധികമായി വിചാരണ തടവിലാണ് ഇരുവരും.

Content Highlight: Delhi High Court Denies Bail To Umar Khalid, Sharjeel Imam In Delhi Riots UAPA Case