ഐ.പി.എല്‍ 2026ല്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ദല്‍ഹി ക്യാപിറ്റല്‍സ് താരമായ ഡക്കറ്റ് ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ടെലിഗ്രാഫ് സ്‌പോര്‍ട്ടിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.പി.എല്ലില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ പ്രയാസകരമാണെന്നും ഇതിന് ദല്‍ഹിയിലെ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി തനിക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്നും തന്റെ കരിയറിന് ശരിയാണെന്ന് തോന്നിയതിനാലാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🚨 BEN DUCKETT OUT OF THE IPL 🚨
– Ben Duckett decided to skip IPL 2026 for his International career, he will getting 3 year ban like Harry Brook. [The Telegraph] pic.twitter.com/nYx4zeVPkI
‘ഇത് വളരെ ബുദ്ധിമുട്ടിയേറിയ ഒരു തീരുമാനമായിരുന്നു. ഇതില്‍ ദല്‍ഹിയിലുള്ള എല്ലാവരോടും ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ലേലത്തിന്റെ ഭാഗമായപ്പോള്‍ അതൊരു മികച്ചൊരു അവസരമായിരിക്കും കരുതി. ദല്‍ഹി എന്നെ ടീമിലെടുത്തപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. 31 വയസായ എനിക്ക് ഇനി ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് അറിയില്ല. എങ്കിലും എന്നെങ്കിലും ഒരിക്കല്‍ ദല്‍ഹിയെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നു.
ഒരുപാട് ചിന്തിച്ചതിന് ശേഷം, സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനം. ഐ.പി.എല്ലില്‍ നിന്നുള്ള പിന്മാറ്റം എന്റെ കരിയറിന് നല്ലതെന്ന് തോന്നിയതിനാലാണ്. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നത് കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നമായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റിന് എനിക്ക് കഴിയുന്നതെല്ലാം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൗണ്ടി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇംഗ്ലണ്ടിനായുള്ള മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം,’ ഡക്കറ്റ് പറഞ്ഞു.
ബെൻ ഡക്കറ്റ്. Photo: Inside Sport
ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായി നടന്ന മിനി ലേലത്തിലാണ് ദല്‍ഹി ഡക്കറ്റിനെ ടീമിലെത്തിച്ചത്. താരം ടീമിലെത്തിയത് രണ്ട് കോടിക്കായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങാന്‍ വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ താരത്തിന്റെ പിന്മാറ്റം.
അതേസമയം, ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയതിനാല്‍ ഡക്കറ്റിന് വിലക്ക് നേരിട്ടേക്കും. രണ്ട് വര്‍ഷത്തെ വിലക്കിനായിരിക്കും സാധ്യത. ടൂര്‍ണമെന്റിന്റെ നിയമപ്രകാരം പരിക്കോ ആരോഗ്യപരമായ കാരണം കൊണ്ടല്ലാതെ പിന്മാറുന്ന വിദേശ താരങ്ങള്‍ക്കെതിരെ എതിരെ നടപടി എടുക്കും. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്മാറിയപ്പോള്‍ താരത്തിനെതിരെ നടപടി എടുത്തിരുന്നു.
Content Highlight: Delhi Capitals’s batter Ben Duckett withdrawn from IPL 2026