ഞാന്‍ ഒരു ഓള്‍റൗണ്ടറായതിനാല്‍ എനിക്ക് ഈ നിയമം ഇഷ്ടമല്ല; തുറന്നടിച്ച് അക്‌സര്‍ പട്ടേല്‍
Cricket
ഞാന്‍ ഒരു ഓള്‍റൗണ്ടറായതിനാല്‍ എനിക്ക് ഈ നിയമം ഇഷ്ടമല്ല; തുറന്നടിച്ച് അക്‌സര്‍ പട്ടേല്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 24th March 2026, 6:58 am

ഐ.പി.എല്ലിലെ ഇംപാക്ട് റൂള്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമല്ലെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. താന്‍ ഒരു ഓള്‍ റൗണ്ടറാണെന്നും മുമ്പ് ഓള്‍ റൗണ്ടര്‍മാരെ തെരഞ്ഞെടുത്തിരുന്നെങ്കിലും ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ ഈ റോളിലേക്ക് തെരഞ്ഞെടുക്കുന്നതെന്ന് പട്ടേല്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു ഓള്‍റൗണ്ടറായതിനാല്‍ എനിക്ക് ഈ നിയമം ഇഷ്ടമല്ല. മുമ്പ് ഞങ്ങള്‍ ഈ റോളിലേക്ക് ഓള്‍റൗണ്ടറെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ അല്ലെങ്കില്‍ ബൗളറെയാണ് ഈ റോളിലേക്ക് തെരഞ്ഞെടുക്കുന്നത്. നമുക്കൊരു ഓള്‍റൗണ്ടറെ വേണ്ടതെന്നാണ് അവര്‍ പറയുന്നത്? ഞാന്‍ ഒരു ഓള്‍റൗണ്ടര്‍ ആയതിനാല്‍ എനിക്ക് അത് ഇഷ്ടമല്ല, പക്ഷേ അതേ സമയം നിയമങ്ങള്‍ അങ്ങനെ തന്നെ തുടരട്ടെ, നമ്മള്‍ അവ പാലിക്കണം. പക്ഷേ വ്യക്തിപരമായി എനിക്ക് അത് ഇഷ്ടമല്ല,’ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍

2025ലെ ഐ.പി.എല്‍ സീസണിലാണ് അക്‌സര്‍ പട്ടേല്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സീസണില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് താരം നടത്തിയതും. 11 ഇന്നിങ്‌സില്‍ നിന്ന് 263 റണ്‍സായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 159.0 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സീസണില്‍ ബാറ്റ് വീശിയത്.

ഐ.പി.എല്ലില്‍ ഇതുവരെ 124 ഇന്നിങ്‌സ് കളിച്ച അക്‌സര്‍ 1916 റണ്‍സാണ് സ്വന്തമാക്കിയത്. 66 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 22.0 എന്ന ആവറേജും താരത്തിനുണ്ട്. 134.0 എന്ന പ്രഹരശേഷിയും അക്‌സറിന്റെ ബാറ്റിങ്ങിനുണ്ട്. 159 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ അക്‌സര്‍ 128 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്. 4/21 എന്ന മികച്ച ബൗളിങ്ങും താരത്തിനുണ്ട്.

അതേസമയം മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ബെംഗളൂരവും ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ ഒന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ദല്‍ഹിയുടെ ആദ്യ മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടാണ് വേദി.

Content Highlight: Delhi Capitals Captain Axar Patel Talking About Impact Rule In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ