പ്രള്‍ഹാദ് ജോഷി ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്നയാള്‍; ഏറ്റവും വൃത്തികെട്ട തരം മനുഷ്യന്‍: രാഹുല്‍ ഗാന്ധി
India
പ്രള്‍ഹാദ് ജോഷി ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്നയാള്‍; ഏറ്റവും വൃത്തികെട്ട തരം മനുഷ്യന്‍: രാഹുല്‍ ഗാന്ധി
റെന്വര്‍ പി
Tuesday, 28th July 2026, 11:33 pm

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുന്നയാളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഏറ്റവും വൃത്തികെട്ട തരം മനുഷ്യനാണ് പ്രള്‍ഹാദ് ജോഷിയെന്നും രാഹുല്‍ പറഞ്ഞു.

നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജിവച്ച ധര്‍മേന്ദ്ര പ്രധാന് പകരം പുതിയ വിദ്യാഭ്യാസ മന്ത്രിയായി ബി.ജെ.പി നിയമിച്ചത് ബലാത്സംഗക്കാരുടെ സംരക്ഷകനായ ഒരാളെയാണ്. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് പറയുന്ന ഒരാളേക്കാള്‍ വൃത്തികെട്ട മനുഷ്യന്‍ ഉണ്ടാകില്ല. അതാണ് ഇന്നത്തെ ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.

പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുത്തതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ വിമര്‍ശിച്ചു. ‘മന്ത്രിസഭയില്‍ ഒരുപാട് പേരുണ്ട്. അവരില്‍ ഒരാളെ മോദിക്ക് തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് മോദി തെരഞ്ഞെടുത്തത്,’ രാഹുല്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും പ്രള്‍ഹാദിനെ വിമര്‍ശിച്ചിരുന്നു. പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ലോക്‌സഭയിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ സംവരണത്തെക്കുറിച്ചും സംസാരിക്കുകയും സ്ത്രീകളെ മുന്‍പന്തിയില്‍ നിര്‍ത്തുകയും ചെയ്യുന്ന ഒരു സമയത്ത്… ഇത് വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്,’ പ്രിയങ്ക പറഞ്ഞു.

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ കുറ്റവാളികളുടെ മോചനത്തെ പ്രള്‍ഹാദ് ജോഷി പിന്തുണച്ച് സംസാരിക്കുന്ന ഒരു വീഡിയോ കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാഹുലും പ്രിയങ്കയും പ്രള്‍ഹാദിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന 11 പേരെ 2018ല്‍ മോചിപ്പിച്ചിരുന്നു. വലിയ പ്രതിഷേധത്തിനും അന്ന് ഈ നടപടി കാരണമായി. അന്ന് ഈ കുറ്റവാളികളെ മോചിപ്പിക്കുന്നതിനെ പ്രള്‍ഹാദ് ജോഷി ന്യായീകരിച്ചിരുന്നു. കുറ്റവാളികള്‍ കുറച്ചുകാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അവരെ മോചിപ്പിക്കാന്‍ ഒരു വ്യവസ്ഥയുണ്ടെന്നുമായിരുന്നു ജോഷിയുടെ ന്യായീകരണം.

ഈ മാസം 25നാണ് പ്രള്‍ഹാദ് ജോഷിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ഇത്. നിലവിലെ കാബിനറ്റില്‍ ഭക്ഷ്യ വകുപ്പിന്റെ അടക്കം ചുമതലയുള്ള മന്ത്രിയാണ് പ്രള്‍ഹാദ് ജോഷി. ഇതിന് പുറമെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.

കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് പ്രള്‍ഹാദ് ജോഷി. 2004 മുതല്‍ കര്‍ണാടകയിലെ ധര്‍വാദില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഇയാള്‍ 2019ലാണ് ആദ്യമായി കേന്ദ്രമന്ത്രിയാവുന്നത്.

Content Highlight: ‘Defender of rapists…filthiest type of man’: Rahul Gandhi About Pralhad Joshi

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.