ശബ്ദവും ബഹളവുമടക്കം, അവന്റെ ആ റിയൽ പെർഫോമൻസിൽ ശരിക്കും ഇറിറ്റേറ്റഡ് ആയി: ദീപക് പറമ്പോൽ
malayalam movie
ശബ്ദവും ബഹളവുമടക്കം, അവന്റെ ആ റിയൽ പെർഫോമൻസിൽ ശരിക്കും ഇറിറ്റേറ്റഡ് ആയി: ദീപക് പറമ്പോൽ
നന്ദന. ടി
Saturday, 1st August 2026, 4:35 pm

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ . തുടർന്ന് തിര, ഡി-കമ്പനി, കുഞ്ഞിരാമായണം, ബി.ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു വരവ്.

എ.ഡി.എച്ച്.ഡി ബാധിതനായ കുട്ടികളെയും അവരുടെ മാതാപിതാക്കളുടെ അനുഭവങ്ങളും പ്രമേയമാക്കി തമർ കെ.വി. സംവിധാനം ചെയ്ത 2025ൽ പുറത്തിറങ്ങിയ  സർക്കീട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ദി ഷോ സ്ക്കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ തന്റെ മുൻകാല അഭിനയ ജീവിതത്തിൽ നിന്നും വേറിട്ടുനിൽക്കുന്ന, ഒരു അച്ഛൻ കഥാപാത്രം അവതരിപ്പിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപക് പറമ്പോൽ.

ദീപക് പറമ്പോൽ. Photo. Screen Grab/ Youtube

നേരത്തെ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയ ഒരു കുടുംബത്തിന്റെ അനുഭവമാണ് ഈ സിനിമ തെരഞ്ഞെടുക്കാൻ തനിക്ക് പ്രചോദനമായതെന്ന് ദീപക് പറമ്പോൽ തുറന്നുപറയുന്നു.

‘ഈ സിനിമ കമ്മിറ്റ് ചെയ്ത സമയത്ത് ഓട്ടിസം ബാധിച്ച ഒരു കുട്ടിയെയും അവന്റെ മാതാപിതാക്കളെയും ഞാൻ എയർപോർട്ടിൽ വെച്ച് കണ്ടിരുന്നു. അവിടെ വെച്ച് ആ കുട്ടി ഭയങ്കരമായി ബഹളമൊക്കെ ഉണ്ടാക്കിയപ്പോൾ ചുറ്റുമുള്ള ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ആ അമ്മയുടെ മുഖഭാവവും പ്രതികരണങ്ങളുമൊക്കെ എന്നെ വളരെയധികം സ്പർശിച്ചു. പിന്നീട് ഈ സിനിമയുടെ കഥ സംവിധായകൻ തമർ എന്നോട് ഒരു സിനിമ കാണുന്ന രീതിയിൽ തന്നെ വളരെ വിശദമായി പറഞ്ഞു തന്നപ്പോൾ, കഥ കേട്ട നിമിഷത്തിൽ തന്നെ ഇതിൽ അഭിനയിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു,’ ദീപക് പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജെപ്പു ആയി അഭിനയിച്ച ഓർഹൻ ഹൈദർ എന്ന ബാലതാരത്തിന്റെ അഭിനയമാണ് ആ കഥാപാത്രത്തെ അത്രമേൽ തീവ്രമാക്കിയത് എന്ന് പറയുകയാണ് ദീപക്.

‘ഈ സിനിയമയിൽ ജെപ്പു എന്ന കഥാപാത്രം ചെയ്ത ഓർഹൻ ഭയങ്കര കിടിലൻ ആക്ടറായിരുന്നു. അവൻ റിയലായി തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അഭിനയിച്ചത്. അവൻ ആ കാറിന്റെ അകത്തൊക്കെ ഇരുന്ന് ശബ്ദമുണ്ടാക്കുന്ന സീനൊക്കെ നമുക്ക് ഫീൽ ചെയ്യും, ശരിക്കും നമ്മൾ ഇറിറ്റേറ്റഡ് ആകും. സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്ക് ആ സീൻ അഭിനയിച്ചു തീർത്താൽ മതി, എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയാൻ സാധിക്കൂ. പക്ഷെ നമ്മൾക്ക് അവിടെയൊന്നും ചെയ്യാൻ കഴിയില്ലല്ലോ,’ താരം പറഞ്ഞു.

ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളെക്കുറിച്ചും ഒരു അഭിനേതാവെന്ന നിലയിൽ അത് നൽകിയ സംതൃപ്തിയെക്കുറിച്ചും ദീപക് പറമ്പോൽ സംസാരിച്ചു.

‘സിനിമ റിലീസായതിനു ശേഷം കുറെ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തു. ഒരുപാട് ആളുകൾ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു. എനിക്ക് അഭിനയിക്കാൻ ഒരു നല്ല സ്പേസ് കിട്ടുകയും അത് മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തു എന്നതിൽ വലിയ സംതൃപ്തി തോന്നിയിരുന്നു,’ ദീപക് പറമ്പോൾ പറഞ്ഞു.

സർക്കീട്ട്. Photo. Kerala On TV

Contnet Highlight:Deepak Parambol talks about the movie Sarkeet and the child artist’s performance

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം