ഗൂഗിളിൽ നോക്കിയാൽ ഞാൻ ഒരു ആക്ടർ ആണെന്ന് പോലും അറിയില്ല, എന്റെ ഏതോ പഴയ ഫോട്ടോസാണ് അതിലുള്ളത്: ദീപക് പറമ്പോൽ
Malayalam Cinema
ഗൂഗിളിൽ നോക്കിയാൽ ഞാൻ ഒരു ആക്ടർ ആണെന്ന് പോലും അറിയില്ല, എന്റെ ഏതോ പഴയ ഫോട്ടോസാണ് അതിലുള്ളത്: ദീപക് പറമ്പോൽ
നന്ദന. ടി
Monday, 27th July 2026, 11:21 am

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ. തുടർന്ന് തിര, ഡി-കമ്പനി, കുഞ്ഞിരാമായണം, ബി ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വരവ് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

സിനിമയ്ക്കൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സജീവമാണ് ദീപക്. അതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ദി റൂമിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ദീപക് പറമ്പോൽ.photo.screen grab/youtube

‘ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിലൊന്നും സ്ഥിരമായി പ്രൊഫൈൽ മെയിന്റൈൻ ചെയ്യുന്ന ഒരാളല്ല. പിന്നെ ഭാര്യ ഈ അടുത്ത് പറഞ്ഞിരുന്നു ഒരു ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്താൽ നന്നായിരിക്കും എന്ന്. ആ സമയത്ത് എന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ കണ്ടിട്ട് എനിക്ക് ഒരാൾ മെസ്സേജ് അയച്ചു. അങ്ങനെയാണ് ഈ അടുത്ത് ഒരു ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. എപ്പോഴും ഇങ്ങനെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

പക്ഷെ അത് ചെയ്തതുകൊണ്ട് മറ്റു ഗുണങ്ങളും ഉണ്ട്. കാരണം ഞാൻ ഈ അടുത്ത് ഗൂഗിൾ എടുത്തു നോക്കിയപ്പോൾ എന്റെ ഏതോ പഴയ ഫോട്ടോസ് ആണ് അതിൽ ഉള്ളത്. അതായത് നമ്മളെ അറിയാത്ത ഒരാൾ സെർച്ച് ചെയ്തു നോക്കിയാൽ നമ്മൾ ഒരു ആക്ടർ ആണോ എന്ന് പോലും അറിയില്ല, കാരണം ഒരു പത്ത് പേര് നിൽക്കുന്ന ഫോട്ടോയിൽ ഒക്കെയാണ് എന്റെ ഫോട്ടോ ഉള്ളത്. പിന്നെ എന്റെ പേര് അടിച്ചു നോക്കിയാൽ വേറെ ആക്ടേഴ്‌സ് ഒക്കെയാണ് വരുന്നത്, ധ്യാൻ ശ്രീനിവാസനെയൊക്കെയാണ് കാണിക്കുന്നത്.

അപ്പോൾ നമ്മൾ ഈ ഇൻസ്റ്റാഗ്രാം റീൽസിലും പോസ്റ്റിലുമൊക്കെ ആക്റ്റീവ് ആണെങ്കിൽ, പെട്ടെന്ന് നമ്മളെ ആളുകൾ ഓർക്കും, ദാ ഇവൻ എന്ന രീതിയിലൊക്കെ ചിലപ്പോൾ സിനിമയിൽ കാസ്റ്റ് ചെയ്യപ്പെടാം. അല്ലെങ്കിൽ നമ്മൾ സിനിമയിൽ ഒരു കിടിലൻ പൊസിഷനിൽ എത്തണം. എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അന്നും ഇന്നും കുറച്ചു ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്.

ഇടയ്ക്ക് ഒരു സിനിമയൊക്കെ ചെയ്തു ഫോട്ടോ ഇടുമ്പോൾ കുറച്ചു പേരൊക്കെ കാണും, പിന്നെ കുറെ കഴിഞ്ഞാൽ അൺഫോളോ അടിച്ചു പോവുന്നതൊക്കെ കാണാം. അപ്പോൾ ഞാൻ വിചാരിക്കും ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്ന്, പക്ഷെ ശരിക്കും ഞാൻ അവരെ എൻഗേജ് ചെയ്യിപ്പിക്കുന്നില്ല എന്നതാണ് പ്രശ്നം.

ഇപ്പോൾ അജു വർഗീസ് ഒക്കെ വളരെ ആക്റ്റീവ് ആണ് സോഷ്യൽ മീഡിയയിൽ. അവൻ തന്നെ പറയാറുണ്ട്, നമ്മൾ സെൽഫ് പ്രൊമോഷൻ കാര്യങ്ങളൊക്കെ പിടിച്ചാൽ മാത്രമേ ഈ മേഖലയിൽ കാര്യമുള്ളൂ എന്ന്. പിന്നെ ഇടയ്ക്ക് കുറച്ചു പടമൊക്കെ വരുമ്പോൾ വിചാരിക്കും  ഇത് ഇങ്ങനെ ഒക്കെ അങ്ങ് പോവട്ടെ എന്ന്’ ദീപക് പറമ്പോൽ പറഞ്ഞു.

ദീപക് പറമ്പോൽ.photo.Instagram

 

Content Highlight: Deepak parambol talks about maintaining social media profiles

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം