മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വാകോഡെയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ മാതാപിതാക്കളെ മുംബൈയില്‍ നിന്ന് പൊലീസ് നിര്‍ബന്ധിച്ച് മാറ്റിയതായി കുംടുംബത്തിന്റെ അഭിഭാഷകന്‍.
എന്നാല്‍ കുടുംബം തന്നെയാണ് യവത്മാലിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നും അവരുടെ ആവശ്യപ്രകാരമാണ് യാത്രാ സൗകര്യം ഒരുക്കിയതെന്നും മുംബൈ പൊലീസ് പറഞ്ഞു.
സാഹിലിന്റെ മരണത്തില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നാരോപിച്ച് പിതാവ് രവീന്ദ്ര വാകോഡെ ബുധനാഴ്ച മുതല്‍ ഐ.ഐ.ടി ബോംബെ ക്യാമ്പസിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കുടുംബത്തെ മുംബൈയില്‍ തുടരാന്‍ അനുവദിക്കാതെ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയതെന്നാണ് അഭിഭാഷകന്‍ നിഖില്‍ കാംബ്ലെ പറഞ്ഞത്. ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് പൊലീസ് ഇടപെടലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബം ആദ്യം സ്വന്തം വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇതിനിടെ സാധാരണ വേഷത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റൊരു സ്വകാര്യ വാഹനത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
മുംബൈയില്‍ തന്നെ തുടരാനായിരുന്നു മാതാപിതാക്കളുടെ തീരുമാനമെന്നും, എന്നാല്‍ അവരുടെ താത്പര്യത്തിന് വിരുദ്ധമായി പൊലീസ് നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നുമാണ് ആരോപണം. ബുധനാഴ്ച പുലര്‍ച്ചയോടെ കുടുംബം വാഷിം ജില്ലയില്‍ എത്തിയതായും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ കുടുംബത്തെ നിര്‍ബന്ധിച്ച് മുംബൈയില്‍ നിന്ന് മാറ്റിയെന്ന ആരോപണം പൊലീസ് നിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപം മാധ്യമങ്ങളോട് സംസാരിച്ച ശേഷം കുടുംബം ആദ്യം ഐ.ഐ.ടി ബോംബെയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് യവത്മാലിലേക്ക് പോകാനാണ് താത്പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യാത്രാ സൗകര്യം ഒരുക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിതാവ് പ്രഖ്യാപിച്ച നിരാഹാര സമരത്തിന്റെ പേരിലാണ് കുടുംബത്തെ നഗരത്തിന് പുറത്തേക്ക് മാറ്റിയതെന്ന ആരോപണവും പൊലീസ് തള്ളി.
സെപ്റ്റംബര്‍ 18നാണ് രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ സാഹില്‍ വാകോഡെ ഐ.ഐ.ടി ബോംബെ ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചത്.
പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംഭവത്തിന് പിന്നാലെയായിരുന്നു മരണം. സാഹിലിന് ജാതിവിവേചനം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ സൂര്യനാരായണ ദൂലെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ സാഹില്‍ ഇത്തരമൊരു പരാതി സ്ഥാപനത്തിലെ എസ്.സി-എസ്.ടി സെല്ലിലോ ഭരണവിഭാഗത്തിലോ നല്‍കിയിട്ടില്ലെന്നാണ് ഐ.ഐ.ടി ബോംബെയുടെ പ്രതികരണം.
സാഹിലിന്റെ മരണത്തെ തുടര്‍ന്ന് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
Content Highlights: Death of IIT Bombay student: Family alleges they were not allowed to stay in Mumbai and were removed from the city.
