പറയുന്ന കഥയില്‍ പുതുമയില്ലെങ്കിലും ചില സിനിമകള്‍ നമ്മളെ ആദ്യാവസാനം പിടിച്ചിരുത്തും. അത് ചിലപ്പോള്‍ കഥപറയുന്ന രീതി കൊണ്ടോ അഭിനേതാക്കളുടെ പ്രകടനം കാരണമോ ആയിരിക്കും. കഥയിലും കഥ പറയുന്ന രീതിയിലും വലിയ പുതുമയില്ലെങ്കിലും ആദ്യാവസാനം എന്‍ഗേജ് ചെയ്യിച്ച, ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവമാണ് ഡി.സി.

ഇന്ത്യന്‍ സാഹിത്യലോകത്തെ ഏറ്റവും മികച്ച നോവലുകളിലൊന്നായ ദേവ്ദാസിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികമാര്‍ക്കും. ദേവ്ദാസ്, പാര്‍വതി, ചന്ദ്ര എന്നിവരിലൂടെ കഥ പറയുന്ന ഡി.സി ഒരു പ്രണയകഥയാണ്. എന്നാല്‍ കട്ടച്ചോരയൊഴുകുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ ഡി.സിയുടെ കഥ പറയുന്നത്.

ചെയ്ത സിനിമകളിലെല്ലാം വയലന്‍സ് പ്രധാന ടൂളായി ഉപയോഗിച്ച അരുണ്‍ മാതേശ്വരന്‍ ഇത്തവണയും ട്രാക്ക് മാറ്റുന്നില്ല. വയലന്‍സ് അയാള്‍ക്ക് ഒരു എന്റര്‍ടൈന്മെന്റോ മാര്‍ക്കറ്റിങ് ഫാക്ടറോ അല്ല. തന്റെ മനസിലുള്ള കഥ പറയാനുള്ള ഭാഷയാണ് വയലന്‍സ്. ദേവ്ദാസിന്റെ പ്രണയവിരഹത്തെയും ചന്ദ്രയുടെ നിരാശയും അയാള്‍ അതിക്രൂരമായ വയലന്‍സിലേക്ക് പറിച്ചുനടുകയാണ്. ഡി.സിയെ മികച്ചതാക്കുന്നതും ഈയൊരു ഫാക്ടറാണ്.

ആദ്യമായി നായകനാകുന്നതിന്റെ യാതൊരു പ്രഷറും പതര്‍ച്ചയുമില്ലാതെ തന്നെ എല്പിച്ച ജോലി ലോകേഷ് ഭംഗിയായി ചെയ്തിട്ടുണ്ട്. അഭിനയിച്ച് വിസ്മയിപ്പിക്കാന്‍ സ്‌കോപ്പുള്ള റോളല്ലെങ്കിലും ഒട്ടും മോശമാക്കാതെ ഗംഭീരമായി ദേവ്ദാസിനെ ലോക്കി അവതരിപ്പിച്ചു. ട്രോളാന്‍ കാത്തുനിന്നവരുടെ അണ്ണാക്കില്‍ തന്നെയാണ് അയാള്‍ അമിട്ട് പൊട്ടിച്ചത്. ട്രെയ്‌ലര്‍ റിലീസായപ്പോള്‍ ഏതൊക്കെ സീനിന്റെ പേരിലാണോ ട്രോളിയത് അതേ സീനില്‍ കൈയടിപ്പിച്ച് വിട്ടിട്ടുണ്ട് ലോക്കി.

നായികയായ ആദ്യചിത്രത്തില്‍ തന്നെ ഗംഭീര നടിയെന്ന് പറയിപ്പിച്ച വാമിക ഗബ്ബി സ്‌ക്രീനില്‍ നിറഞ്ഞാടി. ഗോദയിലെ അതിഥിക്ക് ശേഷം വാമികയിലെ മാസ് ഹീറോയിനെ ആഘോഷിച്ച ചിത്രമാണിത്. റോസാപ്പൂകൈയില്‍ തുപ്പാക്കി വിളയാടിയപ്പോള്‍ തിയേറ്ററുകള്‍ കരഘോഷത്താല്‍ നിറഞ്ഞു. കൂളിങ് ഗ്ലാസും വെച്ചുകൊണ്ടുള്ള വരവ് ഒരൊന്നൊന്നര ഫീലായിരുന്നു.

കുറച്ച് സ്‌ക്രീന്‍ ടൈം കൊണ്ട് മനസ് നിറച്ച സഞ്ജന കൃഷ്ണമൂര്‍ത്തിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലബ്ബര്‍ പന്തിലെ ക്യൂട്ട് പെണ്‍കുട്ടിയില്‍ നിന്ന് കൂട്ടിലടക്കപ്പെട്ട കുയിലായ പാര്‍വതിയിലേക്ക് എത്തിയപ്പോള്‍ തന്നിലെ ആക്ടറുടെ റേഞ്ച് സഞ്ജന കൂടുതല്‍ മികച്ചതാക്കി.

ഇവരെല്ലാം അവരുടെ നൂറ് ശതമാനവും സിനിമക്ക് വേണ്ടി നല്‍കിയപ്പോള്‍ കഴിവിന്റെ ഇരുനൂറ് ശതമാനവും പുറത്തെടുത്ത അനിരുദ്ധ് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി. ഇത്രയും കാലം പാട്ടയടി, കോപ്പിയടി എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഓരോ സ്‌കോറിലൂടെയും. ലോകേഷ് ഹീറോയാണെങ്കില്‍ അനിരുദ്ധ് ഇതില്‍ ഹീറോയ്ക്കും മുകളിലാണ്.

കട്ടച്ചോരയില്‍ മുക്കിയെടുത്ത ഈ പ്രണയകാവ്യം തിയേറ്ററില്‍ നിന്ന് കണ്ടില്ലെങ്കില്‍ തീരാനഷ്ടമെന്നേ പറയാനുള്ളൂ. ഉയിരില്ലാത്ത റോസാപ്പൂവും ഉയിരെടുക്കുന്ന തുപ്പാക്കിയും ചേര്‍ന്ന് നടത്തുന്ന ബ്ലാസ്റ്റ് തന്നെയാണ് ഡി.സി.

Content Highlight: DC Tamil movie review