ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാം.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തനിക്ക് കാണാന്‍ ഇഷ്ടമാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ലയണല്‍ മെസിയെയാണ് എന്നാണ് ബെക്കാം പങ്കുവെച്ചത്.

ഇ.എസ്.പി.എന്നുമായി നടന്ന അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഡേവിഡ് ബെക്കാം.

ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തി ലയണല്‍ മെസിയാണ്. വ്യത്യസ്ത കാരണങ്ങളാല്‍ ഞാന്‍ മെസിയെ സ്‌നേഹിക്കുന്നു. മെസിക്ക് നല്ല വ്യക്തിത്വവും സ്വഭാവമുള്ളതിനാലാണ് ഞാന്‍ അവനെ ആരാധിക്കുന്നത്. കളിക്കളത്തില്‍ എല്ലാവരും അവന്റെ കളി രീതിയെ ഇഷ്ടപ്പെടുന്നു,’ ബെക്കാം പറഞ്ഞു.

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടും ബെക്കാം സംസാരിച്ചു.

‘അവര്‍ ആവേശത്തോടെയാണ് ലോകകപ്പില്‍ കളിച്ചത്. ഈ കഴിഞ്ഞ ലോകകപ്പ് ഞാന്‍ ചിന്തിക്കുന്നു. മെസി തന്റെ രാജ്യത്തിനുവേണ്ടി ലോകകപ്പ് നേടുന്നതിനായി കളിച്ചത് അവിശ്വസനീയമായിരുന്നു. ആ നിമിഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു അതുകൊണ്ടുതന്നെ അവനെപ്പോലുള്ള താരങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു,’ ബെക്കാം കൂട്ടിച്ചേര്‍ത്തു.

ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയുടെ താരമാണ് ലയണല്‍ മെസി. മെസിയുടെ വരവോടുകൂടി മേജര്‍ ലീഗ് സോക്കറില്‍ മയാമി മികച്ച വിജയ കുതിപ്പാണ് കാഴ്ച വെച്ചത്.

ഇന്റര്‍ മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്. ക്ലബ്ബിന് ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മയാമി സ്വന്തമാക്കിയിരുന്നു. ഈയടുത്ത് തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാനും മെസിക്ക് സാധിച്ചിരുന്നു.

Content Highlight: David Beckham praises Lionel Messi.