അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ചരിത്രമെഴുതി സമോവന്‍ താരം ഡാരിയസ് വിസര്‍. 2026 ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഏഷ്യാ പസഫിക് യോഗ്യതാ മത്സരത്തില്‍ ഓവറില്‍ ആറ് സിക്‌സര്‍ പറത്തിയാണ് ഡാരിയസ് റെക്കോഡിട്ടത്. വന്വാട്ടു ബൗളര്‍ നലിന്‍ നിപിക്കോക്കെതിരെയാണ് വിസറിന്റെ വെടിക്കെട്ട് പിറന്നത്.

സമോവന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടിയത്. 39 റണ്‍സാണ് ആ ഓവറില്‍ കുറിക്കപ്പെട്ടത്. ഇതോടെ ടി-20 ചരിത്രത്തില്‍ ഒരു ഓവറിലെ ഏറ്റവുമധികം റണ്‍സ് എന്ന നേട്ടവും പിറവിയെടുത്തു.

ഇതോടെ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടി 36 റണ്‍സോടെ ഒന്നാമതുണ്ടായിരുന്ന യുവരാജ് സിങ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ദീപേന്ദ്ര സിങ് ഐറി എന്നിവരുടെ റെക്കോഡും തകര്‍ന്നു.

15ാം ഓവറില്‍ ഒരു പന്ത് ഡോട്ടായി മാറിയെങ്കിലും ആറ് സിക്‌സര്‍ തന്നെയാണ് വിസറും പറത്തിയത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടുന്ന നാലാമത് ബാറ്റര്‍ എന്ന നേട്ടവും വിസറിന്റെ പേരില്‍ കുറിക്കപ്പെട്ടു.

നലിന്‍ നിപിക്കോയെറിഞ്ഞ 15ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഡാരിയസ് സിക്‌സറിന് പറത്തി. അടുത്ത പന്ത് നോ ബോളായപ്പോള്‍ ഓവറിലെ നാലാമത് ലീഗല്‍ ഡെലിവറിയും അതിർത്തി കടന്നു.

അഞ്ചാം പന്ത് ഡോട്ടാക്കി മാറ്റിയ നലിന്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ എന്ന മോശം റെക്കോഡ് തന്റെ പേരില്‍ കുറിക്കപ്പെടില്ല എന്ന് ഒരു നിമിഷം ആശ്വസിച്ചു. എന്നാല്‍ സ്വന്തം പിഴവുകള്‍ അതിനേക്കാള്‍ മോശം റെക്കോഡ് തന്റെ പേരില്‍ ചാര്‍ത്തിത്തരുമെന്ന് അവന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

ഒറ്റ പന്ത് കൂടിയെറിഞ്ഞ് ഓവര്‍ അവസാനിപ്പിക്കാനുള്ള ശ്രമം മറ്റൊരു നോ ബോളില്‍ കലാശിച്ചു. ഫ്രീ ഹിറ്റ് ഡെലിവെറിയും നോ ബോളായി മാറി, അതാകട്ടെ ഡാരിയസ് വിസര്‍ സിക്‌സറിന് പറത്തുകയും ചെയ്തു.