കോപ്പ അമേരിക്കയുടെയും യൂറോ കപ്പിന്റെയും ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമെല്ലാം വീണ്ടും തങ്ങളുടെ ദേശീയ ടീമിനുവേണ്ടി പോരാട്ടത്തിന് ഇറങ്ങി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു പോസ്റ്റുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഫിഫ.
കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ കേരളത്തിലെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്നു.
ഈ കട്ടൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെ കേരളത്തിലെ ഫുട്‌ബോള്‍ ആവേശം നിറയ്ക്കുന്ന ഈ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഫിഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടും ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഫിഫ ഈ ചിത്രം വീണ്ടും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
‘മെസി, റൊണാള്‍ഡോ, നെയ്മര്‍ ഇവര്‍ മൂന്നു പേരും ആണെന്റെ ഹീറോസ്, ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഫിഫ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
