ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു ഫലം ഫോട്ടോഫിനിഷിലേക്ക് അടുക്കവേ സ്വവസതിയില്‍ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോഴാണ് ബി.ജെ.പിയുടെ നിര്‍ണായക യോഗം. 10 സീറ്റുകളില്‍ സ്വതന്ത്രരും ബി.എസ്.പിയും എസ്.പിയുമാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഇവിടെ കോണ്‍ഗ്രസിനാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് സൂചന.

എന്നാല്‍ മധ്യപ്രദേശില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.


എല്ലാ കണ്ണുകളും മധ്യപ്രദേശിലേക്ക്; ഫലം വരാനിരിക്കുന്ന 55 സീറ്റുകളിലേയും വോട്ട് മാര്‍ജിന്‍ 1000 ത്തില്‍ താഴെ മാത്രം


മധ്യപ്രദേശില്‍ ബി.ജെ.പി ബി.എസ്.പിയുടെ പിന്തുണ തേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കുകയെന്ന് ബി.എസ്.പി വ്യക്തമാക്കുകയായിരുന്നു.

മധ്യപ്രദേശില്‍ ഫലം വരാനുള്ള 55 സീറ്റുകളിലും 1000 വോട്ടില്‍ താഴെ മാത്രം വോട്ട് മാര്‍ജിനാണുള്ളത്. ഇതില്‍ ബി.ജെ.പി വിജയിക്കുമോ കോണ്‍ഗ്രസ് ജയിക്കുമോ എന്നുള്ളത് ഇനിയും അറിയാനായിട്ടില്ല.

ഇതില്‍ ഏത് ഫലം മാറിമറിഞ്ഞാലും കോണ്‍ഗ്രസോ ബി.ജെ.പിയോ ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും രംഗത്തെത്തിയിരുന്നു. എങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ തീരുമാനം ഇവിടെ നിര്‍ണായകമാകും.

അതിനിടെ ബി.എസ്.പി നേതാവ് മായാവതി തങ്ങളുടെ എല്ലാ എം.എല്‍.എമാരോടും ദല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താനാണ് എം.എല്‍.എമാരോട് ദല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.