വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറല്ലേയെന്ന് വിമര്‍ശനം, അച്ഛന്റെ ചെരിവ് നന്നാക്കാന്‍ ശ്രമിച്ച ചരിത്രം ഓര്‍മിപ്പിച്ച് ആരാധകര്‍
Malayalam Cinema
വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറല്ലേയെന്ന് വിമര്‍ശനം, അച്ഛന്റെ ചെരിവ് നന്നാക്കാന്‍ ശ്രമിച്ച ചരിത്രം ഓര്‍മിപ്പിച്ച് ആരാധകര്‍
അമര്‍നാഥ് എം.
Sunday, 12th July 2026, 7:37 pm

മോളിവുഡില്‍ മറ്റൊരു താരപുത്രി കൂടി കടന്നുവരികയാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 2018ന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ കെ.എസ് ചിത്ര ആലപിച്ച ഗാനം പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ചിപ്പിയുടെ സാന്നിധ്യവും പാട്ടിനെ കൂടുതല്‍ ഗംഭീരമാക്കി. വിസ്മയയുടെ ‘തുടക്കം‘ ഗംഭീരമാകുമെന്നാണ് പലരും ആഗ്രഹിക്കുന്നത്.

വിസ്മയ Photo: Screen grab/ Aashirvad Cinemas

എന്നാല്‍ പാട്ട് വൈറലായതിന് പിന്നാലെ വിസ്മയക്കെതിരെ ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. സ്‌ക്രീനിലെത്തുന്ന സമയത്ത് പലപ്പോഴും വിസ്മയ തിടുക്കം കാണിക്കുന്നുണ്ടെന്നും ഇടക്ക് തലവെട്ടിക്കുന്നുണ്ടെന്നുമാണ് പ്രധാന വിമര്‍ശനം. പാട്ടില്‍ ഈയൊരു കാര്യം മാത്രം ചെറിയ കല്ലുകടിയായി തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാലിന്റെ ആരാധാകര്‍ രംഗത്തെത്തിയിട്ടുണ്ട്. വിസ്മയയെപ്പോലെ മോഹന്‍ലാലും തുടക്കകാലത്ത് വിമര്‍ശനം നേരിട്ടുണ്ടെന്നാണ് ആരാധകര്‍ വാദിക്കുന്നത്. മോഹന്‍ലാലിന്റെ തോള്‍ ചെരിച്ചുള്ള നടത്തം നേരെയാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ആ തോളിലാണ് മലയാളസിനിമയെ താങ്ങി നിര്‍ത്തുന്നതെന്നും ആരാധകര്‍ വാദിക്കുന്നു.

മോഹന്‍ലാല്‍ Photo: Reddit

വിസ്മയയുടെ എന്‍ട്രിയെ നെപ്പോട്ടിസമെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മകളുടെ ആഗ്രഹം നിറവേറ്റുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും മറ്റ് സൗകര്യങ്ങളുമുള്ള മോഹന്‍ലാലിനെപ്പോലൊരു നടന്‍ തന്റെ മകള്‍ക്ക് നല്‍കിയ സപ്പോര്‍ട്ടിനെ നെപ്പോട്ടിസമെന്ന് വിമര്‍ശിക്കാനാകില്ലെന്നും കമന്റുകളുണ്ട്.

ആദ്യ സിനിമയിലെ പാട്ട് വെച്ച് മാത്രം വിസ്മയയെ വിലയിരുത്താനാകില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഫാമിലി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് തുടക്കമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികം വൈകാതെ പുറത്തുവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മകളുടെ ആദ്യസിനിമയില്‍ മോഹന്‍ലാല്‍ എക്‌സ്റ്റന്‍ഡഡ് കാമിയോയായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Criticisms and replies about Thudakkam movie viral in Social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം