[share]

[]കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കണമെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ഉത്തരവിട്ടു. ഭൂമി തട്ടിപ്പു കേസില്‍ ഉന്നതരുടെ പങ്ക് കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പത്തടിപ്പാലം സ്വദേശിനി ഷെരീഫയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് കോടതിയുടെ നിര്‍ദേശം. ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസ് വിജിലന്‍സാണോ അതോ സി.ബി.ഐ ആണോ അന്വേഷിക്കേണ്ടതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കടകംപിള്ളിയിലും കളമശ്ശേരിയിലും വസ്തു തട്ടിപ്പ് സംബന്ധിച്ച കുറ്റം ഉള്ളതായി വിജിലന്‍സിന്റെ വിലയിരുത്തലുണ്ടെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി.

വസ്തുതട്ടിപ്പ് സിവില്‍ സ്വഭാവമുള്ള കേസായത് കൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതല്ലെന്നും എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നും സി.ബി.ഐ കോടിതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു.

കളമശ്ശേരിയിലെ കേസില്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചപ്പോഴാണ് കോടതി കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടത്. വ്യാജരേഖ ഉണ്ടാക്കല്‍, രേഖകള്‍ നശിപ്പിക്കല്‍ തുടങ്ങിയവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കളമശ്ശേരിയില്‍ ഒരു ഏക്കര്‍ 16 സെന്റ് ഭൂമിയുടെ തണ്ടപ്പേര് തിരുത്തി അന്യാധീനപ്പെടുത്താന്‍ തീറാധാരം രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഷരീഫയുടെ ഹരജിയില്‍ പറയുന്നത്.