ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്.
ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയന്‍ യുവതാരം കൂപ്പര്‍ കനോലിയുടെ സെഞ്ച്വറിയാണ് ഏറെ ശ്രദ്ധേയമായത്. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയാണ് കനോലി തിളങ്ങിയത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
സെഞ്ച്വറി നേടി മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടും ടീം പരാജയപ്പെട്ട താരങ്ങളുടെ നിഭാഗ്യ ലിസ്റ്റില്‍ കനോലിയും ഇടം നേടി. ഈ ലിസ്റ്റില്‍ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുമുണ്ട്. സെഞ്ച്വറി നേടിയ മൂന്ന് മത്സരങ്ങളിലാണ് കോഹ്ലി പരാജയപ്പെട്ടിട്ടുള്ളത്.
സച്ചിന്‍ കൊച്ചി ടസ്‌കേഴ്സ് കേരളക്കെതിരെയാണ് തന്റെ ഏക ഐ.പി.എല്‍ സെഞ്ച്വറി നേടിയത്. എന്നാല്‍ ഈ മത്സരത്തില്‍ സച്ചിന്‍ പരാജയപ്പെട്ടു. മലയാളി താരം സഞ്ജു സാംസണും ഈ ലിസ്റ്റിലുണ്ട്. രണ്ട് മത്സരങ്ങളിലാണ് സഞ്ജു സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെട്ടത്.
ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെട്ട മത്സരങ്ങള്‍
(താരം, ടീം, എതിരാളി, റണ്‍സ്)
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Cooper Conolly Enters The list of players whose teams lost despite scoring centuries in ipl