ജന്തര്‍ മന്ദറില്‍ നിന്ന് പഠിക്കണം; ജൗഹര്‍ സര്‍വകലാശാലയിലെ ഇടിച്ചു നിരത്തലില്‍ ആദിത്യനാഥിനെതിരെ മെഹബൂബ
India
ജന്തര്‍ മന്ദറില്‍ നിന്ന് പഠിക്കണം; ജൗഹര്‍ സര്‍വകലാശാലയിലെ ഇടിച്ചു നിരത്തലില്‍ ആദിത്യനാഥിനെതിരെ മെഹബൂബ
റെന്വര്‍ പി
Sunday, 26th July 2026, 4:07 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ 40 കെട്ടിടങ്ങളില്‍ 38 എണ്ണവും ഇടിച്ചുനിരത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു അവരുടെ പ്രതികരണം.

റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല നശിപ്പിക്കാനുള്ള യു.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് ജനം ഐക്യപ്പെടണമെന്ന് മെഹബൂബ അഭ്യര്‍ത്ഥിച്ചു. ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി സമരത്തിന് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയതില്‍ നിന്ന് യോഗി സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും മെഹബൂബ അഭിപ്രായപ്പെട്ടു.

ജൗഹര്‍ സര്‍വകലാശാല പോലുള്ള ഒരു പഠന സ്ഥാപനത്തെ നശിപ്പിക്കാനുള്ള നീക്കം വ്യക്തമാക്കുന്നത് യോഗി സര്‍ക്കാരിന്റെ വിദ്വേഷത്തെയും പ്രതികാര മനോഭാവത്തെയും മാത്രമാണ്. ജന്തര്‍ മന്ദറില്‍ നിന്ന് യോഗി ഒരു പാഠം പഠിക്കണം. ഈ രാജ്യത്തെ യുവാക്കള്‍ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം എങ്ങനെ നിരസിക്കുന്നുവെന്ന് ആദിത്യനാഥ് മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു.

സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. ഈ ധര്‍ണയെക്കുറിച്ചുള്ള അഖിലേഷ് യാദവിന്റെ എക്‌സ് പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ പ്രതികരണം.

ജൗഹര്‍ സര്‍വകലാശാലയ്ക്കെതിരെ ഈ വിവേചനവും ദ്രോഹവും എന്തിനാണെന്ന് അഖിലേഷ് എക്‌സ് പോസ്റ്റില്‍ ചോദിച്ചു. യു.പി സര്‍ക്കാരിന് ഭരണപരമായ ഉത്തരവിറക്കി മറ്റ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അത് ജൗഹര്‍ സര്‍വകലാശാലയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ചെയ്യാന്‍ പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു.

യുവാക്കളുടെ ഭാവിയെ ബി.ജെ.പി അവരുടെ പ്രതികാര തീയിലേക്ക് വലിച്ചെറിയരുതെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അഖിലേഷ് വ്യക്തമാക്കി.

2006ലാണ് മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്സിറ്റിസ്ഥാപിതമായത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു സര്‍വകലാശാല.

എന്നാല്‍ സമീപകാലത്തായി ഭൂമി കൈയേറ്റം, ലീസ് നിയമ ലംഘനം തുടങ്ങിയ ഒട്ടനവധി നിയമപ്രശ്നങ്ങളും വിവാദങ്ങളും സര്‍വകലാശാലക്കെതിരെ ഉയര്‍ന്നു. അടുത്തിടെ, സര്‍വ്വകലാശാല കാമ്പസിലെ 40 ബ്ലോക്കുകളില്‍ 38 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ റാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ആര്‍.ഡി.എ) ഉത്തരവിട്ടിരുന്നു.

യു.പി അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട്, 1973-ലെ സെക്ഷന്‍ 27(1) പ്രകാരമായിരുന്നു ഈ നടപടി. ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് അതോറിറ്റിയുടെ അംഗീകൃത പ്ലാന്‍ ഇല്ലാതെയാണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Content Highlight: Mehbooba Mufti targets Yogi over Jauhar University demotion order

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.