ന്യൂദല്‍ഹി: ഗുജറാത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതര കണ്ടെത്തലുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. പരിശോധനയ്ക്ക് വിധേയമാക്കിയ ജലസാമ്പിളുകളില്‍ ഏകദേശം 90 ശതമാനവും കുടിവെള്ളത്തിന് അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ ജനതയ്ക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജലഗുണനിലവാര പരിശോധന, വിതരണ സംവിധാനങ്ങള്‍, ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യത എന്നിവയുമായി ബന്ധപ്പെട്ടാണ് സി.എ.ജി പരിശോധന നടത്തിയത്.

കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സുരക്ഷിതമായ വെള്ളം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് ഗുരുതര ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഗുജറാത്തിലെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ടാപ്പ് വെള്ളം ലഭ്യമാക്കിയെന്ന സംസ്ഥാനത്തിന്റെ അവകാശവാദത്തിനിടെയാണ് സി.എ.ജിയുടെ കണ്ടെത്തല്‍. 71,842 ഗ്രാമീണ വീടുകളില്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുടിവെള്ളത്തിന്റെ ലഭ്യതയ്‌ക്കൊപ്പം അതിന്റെ ഗുണനിലവാരവും ഉറപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

വെള്ളം ലഭ്യമാക്കുന്ന പദ്ധതികളുടെ എണ്ണം മാത്രം കണക്കാക്കാതെ ജനങ്ങള്‍ക്ക് സുരക്ഷിതവും ഉപയോഗ യോഗ്യവുമായ കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്നത് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Content Highlights: Drinking water crisis in Gujarat villages; report states 9 out of 10 water samples are unfit for use.