വാഷിങ്ടണ്‍ ഡി.സി: ‘മിസ്റ്റര്‍ സിങി’നോട് നാട് കടക്കാന്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സിനിമ സ്‌റ്റൈലില്‍ പരസ്യമിറക്കി യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി(ഡി.എച്ച്.എസ്.). വംശീയത ആരോപണം ഉയര്‍ന്നതോടെ പരസ്യം പിന്‍വലിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ലൈസന്‍സ് ഇല്ലാത്ത വാണിജ്യഡ്രൈവര്‍മാര്‍ക്കെതിരെയുള്ള കാംപെയ്‌ന്റെ ഭാഗമായാണ് ഡി.എച്ച്.എസ് എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തത്.
കറുത്ത താടിയുള്ള ആളുടെ ചിത്രത്തിനു കീഴെ ‘ഞങ്ങളുടെ നിരത്തില്‍ നിന്നും പുറത്തുകടക്കൂ, നിങ്ങള്‍ക്ക് വാഹനമോടിക്കാനറിയില്ല മിസ്റ്റര്‍ സിങ്’ എന്ന് എഴുതിച്ചേര്‍ത്തിരുന്നു.
അമേരിക്കന്‍-ഇന്ത്യന്‍, സിഖ് സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഇതിനെതിരെ പ്രതികരിച്ചു.
‘ഇത് വെറുപ്പുളവാക്കുന്നതാണ്. ട്രംപ് ഗവണ്‍മെന്റ് സിഖ് സമൂഹത്തിനെതിരെ വര്‍ഗീയപ്രചരണം നടത്തുകയാണ്’, ഗാവിന്‍ ന്യൂസം പ്രതികരിച്ചു.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍, സിഖ് കോലിഷന്‍, ഹിന്ദു ആക്ഷന്‍, ദി കോലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകള്‍ പരസ്യം അമേരിക്ക വിരുദ്ധവും വംശീയവുമാണെന്ന് പറഞ്ഞു.
ഒരു വിഭാഗത്തെ അധിക്ഷേപിക്കാനും അവരിവിടെ ജീവിക്കാന്‍ അര്‍ഹരല്ലെന്ന് പറയാനും ഭരണകൂടം അവരുടെ അധികാരം ഉപയോഗിക്കരുതെന്ന് രാജ കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചു.
9/11 കഴിഞ്ഞ് 25 വര്‍ഷമായിട്ടും രൂപത്തിന്റെ പേരില്‍ സിഖുകാരെ ഇപ്പോഴും ലക്ഷ്യം വെക്കുകയാണെന്ന് സിഖ് കോലിഷന്‍ എക്‌സിലൂടെ പറഞ്ഞു.
ട്രാന്‍സ്‌ഫോര്‍മര്‍ ഫ്രാഞ്ചൈസിലെ വില്ലന്‍ കഥാപാത്രമായ മെഗട്രോണ്‍ വാഹനാപകടമുണ്ടാക്കിയതിന് അറസ്റ്റിലായ അനധികൃത കുടിയേറ്റക്കാരെ മോചിപ്പിക്കാന്‍ ചര്‍ച്ച നടത്തുന്നതായി കാണിക്കുന്ന വീഡിയോയും ഡി.എച്ച്.എസ് എക്‌സിലൂടെ പങ്കുവെച്ചിരുന്നു.
നിങ്ങള്‍ ശത്രുതാപരമായ ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ രാജ്യത്തെ സമീപിക്കുന്നതെങ്കില്‍ ഞങ്ങള്‍ പ്രതിരോധിക്കും എന്ന കാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രാന്‍സ്‌ഫോമേഴ്‌സിലെ നായക കഥാപാത്രമായ ഒപ്റ്റിമസ് പ്രൈം എതിരെ നില്‍ക്കുന്ന സിഖുകാരനോട് സ്വയം പുറത്തുപോകൂ എന്ന് പറയുന്ന പോസ്റ്റര്‍ ആണ് വിവാദമായത്.
എന്നാല്‍ പോസ്റ്ററിലുള്ളത് അനധികൃതമായി കുടിയേറി അശ്രദ്ധമായി വാഹനമോടിച്ച് ഫ്‌ലോറിഡയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഹര്‍ജീന്ദര്‍ സിങിന്റെ ചിത്രമാണെന്നാണ് ഡി.എച്ച്. എസ് വാദിച്ചത്. അപകടത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ലക്ഷക്കണക്കിനു വരുന്ന അമേരിക്കക്കാരെ അവരുടെ പശ്ചാത്തലവും വേഷവും നോക്കി സംശയമുനയില്‍ നിര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ആദം ഷിഫ് എക്‌സില്‍ കുറിച്ചു.
Content Highlight: US removes adverticement asking “Mr Singh” to self-deport after backlash
