ആജ്ഞയല്ല വേണ്ടത് സമവായം; പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്: മോഹന്‍ ഭഗവത്
India
ആജ്ഞയല്ല വേണ്ടത് സമവായം; പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്: മോഹന്‍ ഭഗവത്
നിഷാന. വി.വി
Saturday, 25th July 2026, 10:32 am

 

ന്യൂദല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്നത്തെ യുവതലമുറ വഴിതെറ്റിയവരോ ലക്ഷ്യമില്ലാത്തവരോ അല്ലെന്നും, അവരെ മനസിലാക്കാന്‍ ആജ്ഞകളല്ല പകരം തുറന്ന ചര്‍ച്ചകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ‘വിശ്വ മാംഗല്യ സഭ’യുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്തിന്റെ പ്രതികരണം. ഇന്നത്തെ യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള ചിന്താഗതിയിലെ വിടവിനെക്കുറിച്ച് പരാമര്‍ശിച്ച ഭഗവത് അവര്‍ക്ക് കൃത്യമായ വഴികാട്ടലാണ് ആവശ്യമെന്നും പറഞ്ഞു.

‘ഞങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത് കാര്യങ്ങള്‍ കേട്ട് അനുസരിക്കുന്ന ശീലമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. പുതിയ തലമുറ കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ കാര്യങ്ങളുടെ യുക്തി അവര്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് സ്‌നേഹവും പരിഗണനയും നല്‍കണമെന്നും കുടുംബങ്ങള്‍ക്കുള്ളില്‍ സംഭാഷണങ്ങള്‍ കുറഞ്ഞു വരുന്നതില്‍ ആശങ്കയുണ്ടെന്നും ആര്‍.എസ്.എസ് ചീഫ് പറഞ്ഞു. ‘ഉത്തരവുകള്‍ നല്‍കി ഭരിക്കുന്നതിന് പകരം സമവായത്തിന്റെ പാതയാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു.

നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സി.ജെ.പി നടത്തുന്ന വമ്പന്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭഗവതിന്റെ ഈ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത്. എന്നാല്‍ പ്രതിഷേധക്കുറിച്ച് അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല.

അതേസമയം, പ്രക്ഷോഭത്തിന് പിന്നില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികളാണെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു. ഭാരതം ശക്തമായ ഒരു രാജ്യമായി വളരുന്നത് തടയാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കേന്ദ്ര സര്‍ക്കാരും പ്രതിഷേധക്കാരുമായി നടത്തിയ രണ്ടു ഘട്ട ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍, മൂന്നാം ഘട്ട ചര്‍ച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

 

content Highlight: Consensus, not commands, is what is needed; the new generation asks questions: Mohan Bhagwat.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.