ഭോപ്പാല്‍: മധ്യപ്രദേശില്‍ പള്ളിക്ക് മുന്നില്‍ വെടിയുതിര്‍ത്ത് ഹിന്ദുത്വ അതിക്രമം. ദാമോ ജില്ലയിലുള്ള ഹിന്ദോറിയയിലെ ജമാ മസ്ജിദ് മുന്നിലാണ് സംഭവം. തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഉച്ചത്തില്‍ ജയ്ശ്രീറാം വിളിക്കുകയും ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പ്രകാരം ഒരു കൂട്ടം ആളുകള്‍ തോക്കുകളും വാളുകളുമായി എത്തി പ്രകോപനമുണ്ടാക്കുകയുണ്ടായിരുന്നു. കൂടാതെ വാള് വീശിക്കൊണ്ട് ജയ്ശ്രീറാം, ഹര് ഹര് മഹാദേവ് തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കുകയായിരുന്നു. ആയുധ പൂജ ദിനത്തിലായിരുന്നു സംഭവം. വിഷയം പ്രദേശത്ത് വലിയ ആശങ്കകള്‍ക്കും ക്രമസമാധാന പ്രശ്നത്തിനും കാരണമായിട്ടുണ്ട്.
അതേസമയം ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഉച്ചത്തിലുള്ള ഡി.ജെ സംഗീതം കാരണം ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മുമ്പ് ജനിച്ച കുഞ്ഞിന്റെ ജീവന് അപഹരിച്ചു. രാമ ജാനകി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം.
മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ജയ്പൂരിലെ ജാമാ മസ്ജിദിന് മുന്നില്‍ വച്ച് രാഷ്ട്രീയ നേതാക്കളുടെയും അണികളുടെയും നേതൃത്വത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതായി പരാതികള്‍ വരികയും, ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
മുന്‍പ് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രകള്‍ ചില പ്രദേശങ്ങളിലെ പള്ളികള്‍ക്ക് മുന്നിലൂടെ കടന്നുപോയപ്പോള്‍ വാളുകള്‍ വീശുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തത് വലിയ രീതിയിലുള്ള വര്‍ഗീയ അസ്വാരസ്യങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
Content Highlight: Hindutva supporters gather in front of a mosque, chanting ‘Jai Shri Ram’; they engage in acts of violence, firing shots into the air and brandishing swords.
