കോണ്‍ഗ്രസ് പാര്‍ട്ടി സി.ജെ.പിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്: തരൂര്‍
India
കോണ്‍ഗ്രസ് പാര്‍ട്ടി സി.ജെ.പിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്: തരൂര്‍
നിഷാന. വി.വി
Sunday, 23rd August 2026, 3:43 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി കോക്രോച്ച് ജനതാ പാര്‍ട്ടി ( സി.ജെ.പി) യില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ജാതി-മത-വര്‍ഗ വിഭജനങ്ങള്‍ക്കപ്പുറം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും തരൂര്‍ പറഞ്ഞു.

ഒ.ബി.സി വോട്ടര്‍മാരെ ലക്ഷ്യമിട്ടും ജാതി സെന്‍സസ് ആവശ്യപ്പെട്ടും പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ക്കൊപ്പം സാധാരണക്കാരെയും ഇടത്തരക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങളെയും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.
ജാതി-മതം എന്നീ വിഷയങ്ങള്‍ക്ക് അതീതമായി പരീക്ഷാ ക്രമക്കേടുകള്‍, തൊഴിലില്ലായ്മ , പണപ്പെരുപ്പം എന്നീ വിഷങ്ങളിലാണ് സി.ജെ.പി പ്രതിഷേധിച്ചതെന്നും അതില്‍ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പിന്തുണയും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം വികാരങ്ങളെ ഉള്‍കൊണ്ട് മുന്നോട്ട് പോകാന്‍ തയ്യാറാവേണ്ടതുണ്ടെന്നും ബാധ്യസ്ഥരാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇടത്തരം കുടുംബങ്ങളിലെ യുവാക്കള്‍ നേരിടുന്ന പ്രശനങ്ങളെ പരിഗണിക്കണമെന്നും എങ്കില്‍ മാത്രമേ പാര്‍ട്ടിയുടെ സ്വാധീനം കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത രാഷ്ട്രീയത്തിനപ്പുറം യുവതലമുറയെ ആകര്‍ഷിക്കാന്‍ പുതിയ കാലത്തിന്റെ മാധ്യമ സാധ്യതയും ഡിജിറ്റല്‍ പ്രചാരണ രീതികളും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Congress party needs to learn a lesson from the CJP: Tharoor

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.