പ്രഭാസിന്റെ ആ പഞ്ച് കിട്ടുന്നില്ല; ഡ്രാഗണ്‍ ഗ്ലിമ്പ്‌സിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് താരം
Indian Cinema
പ്രഭാസിന്റെ ആ പഞ്ച് കിട്ടുന്നില്ല; ഡ്രാഗണ്‍ ഗ്ലിമ്പ്‌സിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് താരം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 20th May 2026, 11:20 pm

2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫിലൂടെ പുതിയ ഒരു ദൃശ്യാനുഭവം സിനിമാപ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. സിനിമ മുന്നേറുന്നതിനനുസരിച്ച് പ്രേക്ഷകനെ ചിത്രത്തിലേക്ക് പിടിച്ചിരുത്തിക്കൊണ്ട് ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന രീതീയില്‍ കഥ പറയുന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ പുതിയ വഴികാട്ടിയായി മാറിയിരുന്നു. കെ.ജി.എഫ് പ്രേക്ഷകരില്‍ ഉണ്ടാക്കിയ ഓളത്തിന് ശേഷം പ്രശാന്ത് സംവിധാനം ചെയ്ത ചിത്രാമായിരുന്നു സലാര്‍ പാര്‍ട്ട് വണ്‍.

സലാര്‍ പാര്‍ട്ട് വണ്‍. Photo: X.com

കെ.ജി.എഫിനെ പോലെ തിയേറ്ററുകളില്‍ വലിയ വിജയമായി ചിത്രം മാറിയില്ലെങ്കിലും മാസിനും ആക്ഷനും ചിത്രത്തില്‍ യാതൊരു കുറവുമില്ലായിരുന്നു. പ്രശാന്ത് നീലിന്റെ മേക്കിങ്ങിനൊപ്പം പ്രഭാസിന്റെ അന്യായ സ്‌ക്രീന്‍ പ്രെസന്‍സ് കൂടെ ചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഫ്രെയ്മുകളാണ് ആരാധകര്‍ക്ക് ലഭിച്ചത്. തനിക്ക് വട്ടം വെക്കാന്‍ ആരുമില്ലെന്ന തരത്തില്‍ ഇന്റര്‍നാഷണല്‍ വില്ലന്മാര്‍ക്ക് മുമ്പില്‍ ചിത്രത്തില്‍ പ്രഭാസ് കളം പിടിക്കുകയായിരുന്നു.

ഇപ്പോഴിതാ പ്രശാന്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാഗണിന്റെ ഗ്ലിമ്പ്‌സ് പുറത്തുവന്നതോടെയാണ് പ്രഭാസും യഷും വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. പ്രശാന്ത് നീലിന്റെ മറ്റ് രണ്ട് ചിത്രങ്ങളിലെ നായകന്മാരായ യഷിനും പ്രഭാസിനും ഉണ്ടാക്കിയെടുക്കാനായ സ്‌ക്രീന്‍ പ്രെസന്‍സ് സൃഷ്ടിക്കാന്‍ ജൂനിയര്‍ എന്‍.ടി.ആറിന് സാധിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്നും ശരീരഭാരം കുറച്ച് താരം നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് ഇതിന് കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഡ്രാഗണ്‍. Photo: 123telugu.com

ഭാരം കുറച്ചതിന് ശേഷം താരത്തിന്റെ മുഖത്ത് വല്ലാതെ ക്ഷീണം അറിയുന്നുണ്ടെന്നും 150 പേരെ കൊലപ്പെടുത്തുന്ന ഒരു നായകന്റെ ഫീല്‍ നല്‍കാന്‍ ജൂനിയര്‍ എന്‍.ടി.ആറിന് സാധിക്കുന്നില്ലെന്നും കമന്റുകള്‍ കാണാം. രാജമൗലി ചിത്രമായ ആര്‍.ആര്‍.ആറില്‍ താരത്തിനുണ്ടായ ഫിസീക്ക് തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യമെന്നും പുതിയ ലുക്കിന് താരത്തിന്റെ പണ്ടത്തെ ‘ഓറ’ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം ഗ്ലിമ്പ്‌സ് വീഡിയോ കണ്ട് ഒരു അനുമാനത്തിലെത്തേണ്ടതില്ലെന്നും പ്രശാന്ത് നീലിന്റെ അവതരണവും ചിത്രത്തിന്റെ തിരക്കഥയും കാര്യങ്ങള്‍ മാറ്റിമറച്ചേക്കാമെന്നും ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു.

Content Highlight: Comparison between Jr ntr and Prabhas in Prashanth Neel Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.