തൃശ്ശൂര്‍: ബി.ജെ.പി സര്‍ക്കാരിന്റെ ജാതി മേല്‍ക്കോയ്മയ്ക്കും വര്‍ഗീയതക്കുമെതിരെ സമരം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമെ കഴിയൂവെന്ന് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി “ജാതി വ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

“ബി.ജെ.പി കപട ദളിത്-പിന്നോക്ക സ്നേഹം നടിക്കുകയാണ്. ഭരണഘടനയെ തകര്‍ക്കുന്നതിലൂടെ വര്‍ണവ്യവസ്ഥ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം.”

ഇതിനായി കമ്യൂണിസ്റ്റുകാരുടെയും ദളിത് സംഘടനകളുടെയും ഐക്യം രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനാകുമെന്നും കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികളെ നിയമിച്ചതിന് എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“കേരളമാണ് ഇന്ത്യക്ക് മുന്നിലുള്ള യഥാര്‍ഥ വികസനമാതൃക. ഗുജറാത്ത് മോഡല്‍ പൊള്ളത്തരമാണ്. ഇരുസംസ്ഥാനങ്ങളുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യവും വിദ്യാഭ്യാസ മേഖലയും താരതമ്യം ചെയ്താല്‍ ഇത് വ്യക്തമാകും.”

ഇന്ത്യയിലെ ഏക അഴിമതിരഹിത രാഷ്ട്രീയശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഇടത് ഭരണത്തില്‍ ഈ സവിശേഷത കാണാമെന്നും അദ്ദേഹം പറഞ്ഞു.