ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന ഒന്നാണ് മോളിവുഡ്. മറ്റുള്ള ഇന്‍ഡസ്ട്രികളില്‍ സൂപ്പര്‍താര സിനിമകള്‍ മാത്രം കളക്ഷന്‍ റെക്കോഡുകള്‍ നേടുകയും തകര്‍ക്കുകയും ചെയ്യുമ്പോള്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ശക്തമായ കണ്ടന്റുള്ള സിനിമകളാണ് മലയാളത്തില്‍ വിജയിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ, പുതുമുഖങ്ങള്‍ അണിനിരന്ന വാഴ 2 എന്നീ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റായത് ഇതിന് ഉദാഹരണമാണ്.
സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് പരാജയമായതും പ്രേക്ഷകരിലേക്ക് കണ്ടന്റിനെ കണക്ടാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. എന്നാല്‍ കണ്ടന്റാണ് മോളിവുഡിലെ കിങ് എന്ന് പറയുമ്പോഴും പല ഗംഭീര സിനിമകളും അര്‍ഹിക്കുന്ന കളക്ഷന്‍ നേടാത്തതാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
പേട്രിയറ്റ്, വാഴ 2 Photo: Theatrical Poster
അടുത്തിടെ കേരളത്തിന് പുറത്തടക്കം വലിയ ചര്‍ച്ചയായ മൂന്ന് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷനാണ് സിനിമാപേജുകള്‍ ചര്‍ച്ചയാക്കുന്നത്. കഴിഞ്ഞവര്‍ഷം സിനിമാപ്രേമികളെ ഞെട്ടിച്ച എക്കോ, ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മോഹിനിയാട്ടം, തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബാലന്‍ എന്നീ സിനിമകള്‍ക്ക് അര്‍ഹിക്കുന്ന കളക്ഷന്‍ ലഭിച്ചിട്ടില്ലെന്ന് പലരും വിമര്‍ശിക്കുന്നു.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ്- ദിന്‍ജിത് അയ്യത്താന്‍ കോമ്പോയിലൊരുങ്ങിയ എക്കോ കഥപറച്ചിലിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചയായി. എന്നാല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 44 കോടിയാണ് എക്കോ നേടിയത്. 70 കോടിയോളം നേടാന്‍ അര്‍ഹതയുണ്ടായിരുന്ന ചിത്രമായിരുന്നു എക്കോയെന്ന് പലരും അഭിപ്രായപ്പെടുന്നു.
എക്കോ, മോഹിനിയാട്ടം Photo: Theatrical Poster
അതിഗംഭീര പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച മോഹിനിയാട്ടമാണ് ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം. തിയേറ്ററില്‍ പരാജയപ്പെട്ട് ഒ.ടി.ടിയില്‍ ഹിറ്റായ ഭരതനാട്യത്തിന്റെ സീക്വലാണ് മോഹിനിയാട്ടം. വാഴ 2ന്റെ ഓളത്തിനിടയില്‍ റിലീസായ ചിത്രം ഗംഭീര വിജയമാണ് നേടിയത്. 50 കോടിയാണ് മോഹിനിയാട്ടത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. 100 കോടി കളക്ഷന്‍ നേടാന്‍ പൊട്ടന്‍ഷ്യലുള്ള ചിത്രം 50 കോടിയിലൊതുങ്ങിയത് മോശമായെന്നാണ് കമന്റുകള്‍.
ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവമെന്ന് പലരും വിശേഷിപ്പിച്ച ബാലനും അര്‍ഹിച്ച കളക്ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 30 കോടിയാണ് ബാലന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആവേശത്തിന്റെ സംവിധായകന്‍ തിരക്കഥയൊരുക്കിയ, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ അണിയിച്ചൊരുക്കിയ ചിത്രം ഇതിലും കൂടുതല്‍ കളക്ഷന്‍ നേടേണ്ടതാണെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.
ബാലന്‍, ദൃശ്യം 3 Photo: Theatrical Poster
ദൃശ്യം 3 പോലെ ലോജിക്കില്ലാത്ത സിനിമകള്‍ 200 കോടിയിലേറെ നേടുമ്പോള്‍ ബാലനും മോഹിനിയാട്ടവും 100 കോടി ക്ലബ്ബില്‍ കയറാത്തത് മോളിവുഡിന് ചെറിയ ക്ഷീണമാണെന്നാണ് കമന്റുകള്‍. ഇത്രയും കണ്ടന്റുള്ള സിനിമകള്‍ വേണ്ടത്ര കളക്ഷന്‍ നേടാത്തത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
Even though content is king, stardom still plays an important role in Mollywood.