ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ ഗുജിലിയംപാറൈ താലൂക്കിന് കീഴിലുള്ള റവന്യൂ വില്ലേജുകളിൽ താമസിക്കുന്ന സി.പി.ഐ, സി.പി.ഐ.എം അംഗങ്ങളുടെ പേരും വിലാസവും ശേഖരിക്കാൻ തഹസിൽദാർ അയ്യസാമി പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ. രാഷ്ട്രീയ പാർട്ടി അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ തഹസിൽദാർക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്.
വിവിധ റവന്യൂ വില്ലേജുകളിൽ താമസിക്കുന്ന സി.പി.ഐ, സി.പി.ഐ.എം അംഗങ്ങളുടെ പേരും വിലാസവും ശേഖരിച്ച് ഓഗസ്റ്റ് 18 വൈകുന്നേരത്തോടെ നേരിട്ട് സമർപ്പിക്കണമെന്നായിരുന്നു ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിലെ നിർദേശം. വിവരശേഖരണത്തിനായി റവന്യൂ ഇൻസ്പെക്ടർമാരെയും സഹായത്തിനായി വില്ലേജ് അസിസ്റ്റന്റുമാരെയും ചുമതലപ്പെടുത്തി. നിർദേശം പാലിക്കാത്ത വില്ലേജ് അസിസ്റ്റന്റുമാർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
ദിണ്ടിഗൽ എം.പി ആർ. സച്ചിതാനന്ദം ഉൾപ്പെടെയുള്ളവർ നടപടിയെ നിയമവിരുദ്ധമെന്ന് വിമർശിച്ച് രംഗത്തെത്തി. സി.പി.ഐ, സി.പി.ഐ.എം നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം ശക്തമായതിന് പിന്നാലെ മണിക്കൂറുകൾക്കകം തഹസിൽദാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവും ടി.വി.കെ സർക്കാർ പുറപ്പെടുവിച്ചു.
1994ൽ ചിന്നരാവുത്തൻപട്ടി ഗ്രാമത്തിലെ ദളിത് അരുന്ധതിയർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി വീടിനുള്ള പട്ടയങ്ങൾ അനുവദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കമെന്നാണ് സി.പി.ഐ.എം പ്രവർത്തകർ പറയുന്നത്. ഓഗസ്റ്റ് 11ന് ഗ്രാമവാസികൾക്കൊപ്പം തഹസിൽദാരെ കണ്ട് സർവേ നമ്പർ 1229/8ൽ ഉൾപ്പെട്ട ഭൂമി അളന്ന് അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായും അവർ പറഞ്ഞു.
തഹസിൽദാർ ഓഫീസിൽനിന്ന് പുറത്തുവന്നപ്പോൾ വ്യക്തികൾക്ക് മാത്രമേ ഓഫീസിൽ പ്രവേശിക്കാനാകൂവെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പ്രവേശനമില്ലെന്നും പറഞ്ഞതായി സി.പി.ഐ.എം പ്രവർത്തകർ പറയുന്നു. രാഷ്ട്രീയ പാർട്ടികളിൽനിന്ന് നിവേദനം സ്വീകരിക്കില്ലെന്നും പറഞ്ഞ് അപമര്യാദയായി പെരുമാറിയതായും അവർ വിമർശിച്ചു. സന്ദർശകരെ ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെ മാത്രമേ അനുവദിക്കൂവെന്നും മൊബൈൽ ഫോണുകൾ ഓഫീസിനുള്ളിൽ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്ന നോട്ടീസും ഓഫീസിൽ പതിച്ചിരുന്നതായി അവർ പറഞ്ഞു.
തുടർന്ന് പ്രാദേശിക സി.പി.ഐ.എം നേതാക്കൾ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയും തഹസിൽദാരുടെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
എന്ത് സാഹചര്യത്തിലാണ് തഹസിൽദാർ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് വ്യക്തമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ ഔദ്യോഗിക അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
തഹസിൽദാരുടെ നടപടിക്കെതിരെ പി.എം.കെ സ്ഥാപക നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. അൻപുമണി രാമദോസും രംഗത്തെത്തി. സി.പി.ഐയും സി.പി.ഐ.എമ്മും നിരോധിത പാർട്ടികളാണോയെന്ന് ചോദിച്ച അദ്ദേഹം, കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കുറ്റവാളികളെപ്പോലെ ചിത്രീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും അപലപിക്കേണ്ടതാണെന്നും പറഞ്ഞു.
തഹസിൽദാരുടെ നടപടി നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആർ. തിരുമൂർത്തിയും വ്യക്തമാക്കി. പൊതുസമാധാനത്തിന് ഭീഷണിയാകുന്ന വ്യക്തിയെക്കുറിച്ചോ പൊലീസ് അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചോ വിവരങ്ങൾ ശേഖരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, പൊലീസിന്റെ ആവശ്യപ്രകാരം തഹസിൽദാർക്ക് നടപടി സ്വീകരിക്കാനാകുമെങ്കിലും അതിന് നിശ്ചിത ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ പേരും വിലാസവും ഇത്തരത്തിൽ ശേഖരിക്കാൻ തഹസിൽദാർക്ക് അധികാരമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. സർക്കുലർ ചോദ്യം ചെയ്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:Collection of Communist Party Members’ Details; Tahsildar’s Circular Sparks Controversy in Tamil Nadu.