വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ പെന്റഗണ്‍ ക്ലോഡ് എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ തയ്യാറെടുത്ത ഘട്ടത്തിലും ഓപ്പറേഷന്‍ സമയത്തും പെന്റഗണ് ക്ലോഡിന്റെ സഹായം ലഭിച്ചുവെന്നാണ് വിവരം.

വാള്‍സ്ട്രീറ്റ് ജേര്‍ണലും ആക്‌സിയോസുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് കമ്പനിയായ ആന്ത്രോപിക്കിന്റെ എ.ഐ മോഡലാണ് ക്ലോഡ്. എന്ത് സഹായമാണ് ക്ലോഡ് നല്‍കിയതെന്ന് വ്യക്തമല്ല.

സാന്‍ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എ.ഐ ലാബാണ് പെന്റഗണ് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയിരിക്കുന്നത്. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ പലന്തിറുമായുള്ള പങ്കാളിത്തമാണ് അമേരിക്കയുടെ വെനസ്വേലന്‍ ഓപ്പറേഷനില്‍ ആന്ത്രോപിക്കിനെ ഭാഗമാക്കിയത്.

ഓപ്പണ്‍ എ.ഐ, ഗൂഗിള്‍, എക്‌സ് എ.ഐ എന്നീ പ്രധാന എതിരാളികള്‍ക്കിടയില്‍ നിന്നാണ് ക്ലോഡ് എ.ഐ പെന്റഗണുമായി സഹകരിച്ചത്. വെനസ്വേലന്‍ ഓപ്പറേഷനിടെ ഉപഗ്രഹ ചിത്രങ്ങളും ഇന്റലിജന്‍സും ഒരേസമയം വിശകലനം ചെയ്യുന്നതിനും പെന്റഗണ്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ക്ലോഡ് ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ യു.എസ് പ്രതിരോധ വകുപ്പ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അക്രമങ്ങളെ സഹായിക്കുന്നതിനോ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനോ ആന്ത്രോപിക് നയങ്ങള്‍ എ.ഐ മോഡലുകളെ അനുവദിക്കുന്നില്ല.

അടുത്തിടെ വാള്‍സ്ട്രീറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഒരുപക്ഷെ പെന്റഗണെ പിന്തുണച്ചാല്‍ യു.എസിനെ ക്ലോഡ് എ.ഐ എങ്ങനെ സഹായിക്കുമെന്ന ആശങ്ക മൂലം 200 മില്യണ്‍ ഡോളറിന്റെ ഒരു കരാര്‍ ആന്ത്രോപിക് റദ്ദാക്കിയതായി പറയുന്നു.

അതേസമയം ലോകത്ത് ഐ.ഐ ഉയര്‍ത്തുന്ന ആശങ്കകളെ കുറിച്ച് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തിങ്കളാഴ്ച, ആന്ത്രോപിക് സേഫ്ഗാര്‍ഡ് റിസര്‍ച്ച് ടീമിന്റെ തലവനായ മൃണാങ്ക് ശര്‍മ അപ്രതീക്ഷിതമായി രാജിവെക്കുകയും ചെയ്തിരുന്നു. ലോകം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.പിന്നാലെ ഒരു അഭിഭാഷക 20 മില്യണ്‍ ഡോളര്‍ ആന്ത്രോപിക്കില്‍ നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2026 ജനുവരി മൂന്നിന് വെനസ്വേലയില്‍ നിയമവിരുദ്ധമായി കടന്നുകയറിയ അമേരിക്കന്‍ സൈന്യം, മഡുറോയെയും ഭാര്യയെയും ബലമായി പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് മഡുറോയെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Content Highlight: Claude AI helped Pentagon kidnap Maduro; report