inestigation1

 

മലപ്പുറം: മലയാളിയായ സി.ഐ.എസ്.എഫ് ജവാന്റെ മൃതദേഹം ഒഡീഷയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ഐ.എസ്.എഫ്, ഒഡിഷ പോലിസ് എന്നിവര്‍ കാട്ടിയത് തികഞ്ഞ അനാസ്ഥ. മൃതദേഹത്തോട് അനാദരവ് പ്രകടമാക്കുന്ന രീതിയിലായിരുന്നു ഇരു വിഭാഗങ്ങളുടെയും പ്രതികരണം.

മലപ്പുറം കുന്നുമ്മല്‍ ഡി.പി.ഒ റോഡ് ചെട്ടിപ്പറമ്പ് സ്വദേശിയായ ജോസ് പി.ജോസഫ് എന്ന സി.ഐ.എസ്.എഫ് ഹെഡ്‌കോണ്‍സ്റ്റബിളിനെയാണ് ഒഡിഷ ബാലുഗാവ് റെയില്‍വെ സ്‌റ്റേഷനോടുചേര്‍ന്നുള്ള ട്രാക്കിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജവാന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് തികച്ചും നിരുത്സാഹപരമായി ഇരു വിഭാഗങ്ങളും കൈകാര്യം ചെയ്ത്.

റെയില്‍വെ ട്രാക്കില്‍ ആറുദിവസങ്ങളോളം മൃതദേഹം കിടന്നിട്ടും ഒഡിഷ പോലിസോ റയില്‍വെ സംരക്ഷണസേനയോ തിരിഞ്ഞുനോക്കിയിരുന്നില്ല. റയില്‍വെ സംരക്ഷണസേനയുടെയും ജനറല്‍ റയില്‍വെ പോലിസിന്റെയും സ്റ്റേഷനുകള്‍ തൊട്ടടുത്തുതന്നെയുണ്ടായിട്ടും അന്വഷണം നടത്തിയില്ല. എന്നാല്‍ ജവാനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിന്‍മേല്‍ ബാലുഗാവ് റയില്‍വെ സ്റ്റേഷനില്‍ അന്വേഷണത്തിനെത്തിയ മലപ്പുറം പോലിസ് സംഘത്തെ മൃതദേഹം തൊട്ടതിനാല്‍ അയിത്തമാണെന്നു പറഞ്ഞ് ഒഡിഷ പോലിസ് അധികൃതര്‍ സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കേരള പോലിസ് നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ്.

അസമിലെ സി.ഐ.എസ്.എഫ് ഓഫീസിലും സംഭവം അറിയിച്ചിരുന്നെങ്കിലും സംഭവം അന്വേഷിക്കും എന്നു പറഞ്ഞതല്ലാതെ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല. ബാലുഗാവ് സി.ഐ.എസ്.എഫ് കേന്ദ്രത്തില്‍ൃ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല.

മലപ്പുറത്തുനിന്നുള്ള എസ്.ഐ.റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.സി.പി.ഒ ഉദയ് രാജ് എന്നവരാണ് മൃതദേഹം പുറത്തെടുത്തതും ആശുപത്രിയിലേക്കുമാറ്റിയതും. ഇവരെയാണ് മൃതദേഹം തൊട്ടതിനാല്‍ അയിത്തം കല്‍പിച്ച് പോലിസ് സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കിയത്.

ട്രെയിനില്‍ നിന്ന് വീണുമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, നിജസ്ഥിതി വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒഡിഷപോലിസ് തയ്യാറായിരുന്നില്ല. മലപ്പുറം ജില്ലാ പോലിസ് മേധാവിയും ഒഡിഷ സ്വദേശിയായ പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് പരാതി എഴുതാന്‍ പോലും ഒഡിഷ പോലിസ് തയ്യാറായത്.

തീരെ സൗകര്യമില്ലാത്ത മുറിയില്‍ നിന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആംബുലന്‍സ് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് വിശാഖപട്ടണം വരെ മൃതദേഹം കാറില്‍ കൊണ്ടുപോകേണ്ടി വന്നു. അവിടെ നിന്നും മലയാളി അസോസിയേഷന്റെ സഹായത്തോടെ വഴിയരികില്‍ നിന്ന് മൃതദേഹം ഫ്രീസര്‍ ഉള്ള ആംബുലന്‍സില്‍ കയറ്റിയാണ് നാട്ടില്‍ കൊണ്ടുവന്നത്.