ഹോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് മാറ്റ് ഡേമന്‍. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മാറ്റ് ഡേമന്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ ഞെട്ടിക്കുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് ഹോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ മാറ്റ് ഇപ്പോള്‍ ട്രോള്‍ പേജുകളിലെ പ്രധാന ഇരയാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒഡീസിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രോളന്മാര്‍ രംഗത്തെത്തിയത്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒഡീസിയസ് എന്ന ഇതിഹാസ കഥാപാത്രത്തെയാണ് മാറ്റ് അവതരിപ്പിക്കുന്നത്. ഗ്രീക്ക് ഇതിഹാസമായ ഒഡീസിയിലെ പ്രധാന കഥാപാത്രമാണ് ഒഡീസിയസ്.
ഒഡീസി Photo: Screen grab/ Universal pictures
യുദ്ധത്തിന് ശേഷം തന്റെ ഭാര്യയെയും മകനെയും കാണാനായി നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഒഡീസിയസിന്റെ കഥയാണ് ചിത്രം പറയുന്നത്. മാറ്റ് ഡേമന്റെ പല സിനിമകളിലും അദ്ദേഹത്തിന്റെ കഥാപാത്രം ഇതുപോലെ വീട്ടിലെത്താന്‍ ശ്രമിക്കുന്നയാളാണെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. 1998 മുതല്‍ ഈ ട്രെന്‍ഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം.
സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സേവിങ് പ്രൈവറ്റ് റയാന്‍ എന്ന ചിത്രത്തിന്റെ പ്രധാന കഥ മാറ്റ് അവതരിപ്പിച്ച റയാന്‍ എന്ന കഥാപാത്രത്തെ സുരക്ഷിതനായി വീട്ടിലെത്തിക്കുക എന്നതായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഇന്റര്‍സ്റ്റെല്ലാറിലും മാറ്റ് പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
കൂപ്പറിനെയും സംഘത്തെയും വഞ്ചിച്ച് ഭൂമിയിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്ന ഡോക്ടര്‍ മാന്‍ എന്ന കഥാപാത്രമായാണ് മാറ്റ് ഇന്റര്‍സ്റ്റെല്ലാറില്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ദി മാര്‍ഷ്യനിലും സ്ഥിതി വ്യത്യസ്തമല്ല. ഭൂമിയിലേക്ക് തിരിച്ചെത്തി തന്റെ കുടുംബത്തെ കാണാനാഗ്രഹിക്കുന്ന മാര്‍ക്ക് വാട്‌നി എന്ന കഥാപാത്രത്തെയാണ് മാറ്റ് അവതരിപ്പിച്ചത്.