കാലിഫോര്‍ണിയ: വീഡിയോ ഗെയിം നിര്‍മ്മാതക്കളായ ഇ.എ സ്‌പോര്‍ട്ട്‌സും ഫിഫയും ചേര്‍ന്ന് പുറത്തിറക്കുന്ന ഫുട്‌ബോള്‍ വീഡിയോ ഗെയിമിന്റെ പത്തൊന്‍പതാം പതിപ്പായ ഫിഫ 19 ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഗെയിമിന്റെ കവറില്‍ റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രമാണ്. ഇ.എ സ്പോർട്ട്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ചിത്രം പുറത്ത് വിട്ടത്.
ഒരാളെ അടുത്തടുത്ത വര്‍ഷങ്ങളില്‍ ഒറ്റയ്ക്ക് ഒന്നിലേറെ തവണ ഇ.എ സ്‌പോര്‍ട്ട്‌സ് ഗെയിം കവറായി ചിത്രീകരിക്കാറില്ല. ഈ പതിവാണ് ഇത്തവണ ഇ.എ സ്‌പോര്‍ട്ട്‌സ് തെറ്റിച്ചിരിക്കുന്നത്.



ലയണല്‍ മെസ്സിയാണ് ഒന്നിലേറെ തവണ ഫിഫയുടെ കവറായ മറ്റൊരു താരം. എന്നാല്‍ താരം ഒറ്റയ്ക്ക് ഒരു തവണയെ ഫിഫയുടെ കവറായിട്ടുള്ളു. ഫിഫയുടെ പതിനാറാം പതിപ്പിലായിരുന്നു ഇത്.

സോണി പ്ലേസ്റ്റേഷന്‍, എക്‌സ്‌ബോക്‌സ്, കമ്പ്യൂട്ടര്‍ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഗെയിം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫയുടെ വന്‍ വിജയമായ സ്റ്റോറി മോഡ് ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കും എന്ന് ഇ.എ സ്‌പോര്‍ട്ട്‌സ് ഉറപ്പ് നല്‍കിയിട്ടുണ്ട്.