ഡോളറിനെ ഒഴിവാക്കി വ്യാപാരം, 40ലേറെ കരാറുകള്‍; ആഗോള രാഷ്ട്രീയത്തില്‍ കരുത്തറിയിച്ച് റഷ്യ-ചൈന ഉച്ചകോടി
World News
ഡോളറിനെ ഒഴിവാക്കി വ്യാപാരം, 40ലേറെ കരാറുകള്‍; ആഗോള രാഷ്ട്രീയത്തില്‍ കരുത്തറിയിച്ച് റഷ്യ-ചൈന ഉച്ചകോടി
ആദര്‍ശ് എം.കെ.
Wednesday, 20th May 2026, 10:12 pm

ബീജിങ്: ഊര്‍ജ, ഗതാഗത മേഖലകളിലായി 40ലധികം നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ച് ചൈനയും റഷ്യയും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ബീജിങ്ങില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പിന്നാലെയാണിത്.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിനും ഒരു ബഹുധ്രുവ ലോകം (Multipolar World) കെട്ടിപ്പടുക്കുന്നതിനുമുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ഇരുനേതാക്കളും ഒപ്പുവെച്ചു.

ഏകപക്ഷീയമായ ആഗോള ആധിപത്യ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഇരുവരും, ലോകം ‘കാട്ടുനീതിയിലേക്ക്’ മടങ്ങുന്നതിനെകുറിച്ചുള്ള മുന്നറിയിപ്പും നല്‍കി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ പദ്ധതി തന്ത്രപരമായ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും വിമര്‍ശിച്ചു.

ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്നും ബാഹ്യ സമ്മര്‍ദങ്ങളില്‍ നിന്നും വ്യാപാരത്തെ സംരക്ഷിക്കുന്നതിനായി റഷ്യയും ചൈനയും തമ്മിലുള്ള ഇടപാടുകള്‍ പൂര്‍ണമായും സ്വന്തം കറന്‍സികളായ റൂബിളിലും യുവാനിലും ആക്കിയതായി പുടിന്‍ അറിയിച്ചു.

‘റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ദേശീയ കറന്‍സികളിലേക്ക് മാറ്റാന്‍ ചേര്‍ന്ന് എടുത്ത നടപടികള്‍ ഏറെ നിര്‍ണായകമായിരുന്നു. അതിന്റെ ഭാഗമായി, ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും ഭൂരിഭാഗം കയറ്റുമതി-ഇറക്കുമതി ഇടപാടുകളും റൂബിളിലും യുവാനിലുമാണ് നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഈ നീക്കം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളെ ബാഹ്യ സമ്മര്‍ങ്ങളില്‍നിന്ന് സംരക്ഷിക്കാനും വ്യാപാര സഹകരണത്തിന് സ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 240 ബില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു.

ചൈനയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം തടസമില്ലാതെ തുടരുമെന്ന് റഷ്യ ഉറപ്പുനല്‍കി. പവര്‍ ഓഫ് സൈബീരിയ 2 പൈപ്പ് ലൈന്‍ പദ്ധതിയില്‍ പൊതുവായ ധാരണയിലെത്തിയെങ്കിലും, അതിന്റെ വിലയും സമയക്രമവും സംബന്ധിച്ച കൃത്യമായ തീരുമാനങ്ങള്‍ ഇനിയും ഉണ്ടാകാനുണ്ട്.

കൂടാതെ, ചൈനയിലെ ആണവനിലയങ്ങളില്‍ പുതിയ പവര്‍ യൂണിറ്റുകളുടെ നിര്‍മാണം റഷ്യന്‍ കമ്പനിയായ റോസാറ്റം പൂര്‍ത്തിയാക്കി വരികയാണ്.

പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാന്‍ റഷ്യയുടെ ഗിഗാചാറ്റ് (GigaChat) എ.ഐ മോഡലിനായി ചൈനീസ് നിര്‍മിത ചിപ്പുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.

വിസ രഹിത സംവിധാനം നടപ്പിലാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര മേഖലയില്‍ വലിയ പുരോഗതിയുണ്ടായി. 2025ല്‍ 20 ലക്ഷത്തിലധികം റഷ്യക്കാര്‍ ചൈനയും, പത്ത് ലക്ഷത്തിലധികം ചൈനീസ് പൗരന്മാര്‍ റഷ്യയും സന്ദര്‍ശിച്ചിരുന്നു.

റഷ്യയും ചൈനയും തമ്മിലുള്ള ഈ ദൃഢമായ ബന്ധം അന്താരാഷ്ട്ര തലത്തില്‍ ഒരു സുസ്ഥിര ഘടകമാണെന്ന് പുടിന്‍ വിശേഷിപ്പിച്ചു. ട്രംപിന്റെ ബീജിങ് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ നടന്ന പുടിന്റെ ഈ സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

 

 

Content Highlight: China and Russia have signed more than 40 crucial agreements in the energy and transportation sectors.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.