നിന്നോടോടപ്പം വര്‍ഷങ്ങളോളം ഡ്രസ്സിങ് റൂം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രഹാനെയ്ക്ക് ആശംസയുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
നിന്നോടോടപ്പം വര്‍ഷങ്ങളോളം ഡ്രസ്സിങ് റൂം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രഹാനെയ്ക്ക് ആശംസയുമായി മുന്‍ ഇന്ത്യന്‍ താരം
ശ്രീരാഗ് പാറക്കല്‍
Thursday, 30th July 2026, 11:11 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അജിക്യാ രഹാനെയ്ക്ക് ആശംസയുമായി മുന്‍ താരം ചേതേശ്വര്‍ പൂജാര. തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു താരം.

‘ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തുമായി നല്ലൊരു കൂട്ടുകെട്ടും നിരവധി ഓര്‍മകളും ഉണ്ടാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. അതുപോലെ നിന്നോടോടപ്പം വര്‍ഷങ്ങളോളം ഡ്രസ്സിങ് റൂം പങ്കിടാന്‍ അവസരം ലഭിച്ചതിലും ഞാന്‍ ഏറെ സന്തോഷിക്കുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ രഹാനെക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ ആശംസകളും,’ പൂജാര പറഞ്ഞു.

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് രഹാനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രഹാനെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്.

രഹാനെരഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളിലെ 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

Content Highlight: Cheteshwar Pujara Talking About Ajinkya Rahane

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ