ടെസ്റ്റ് എങ്ങനെ കളിക്കണമെന്ന് അവന്‍ യുവതാരങ്ങള്‍ക്ക് കാണിച്ചു കൊടുത്തു: പൂജാര
Cricket
ടെസ്റ്റ് എങ്ങനെ കളിക്കണമെന്ന് അവന്‍ യുവതാരങ്ങള്‍ക്ക് കാണിച്ചു കൊടുത്തു: പൂജാര
സുദേവ് എ
Sunday, 16th August 2026, 7:49 am

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം ചേതേശ്വര്‍ പൂജാര. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് രാഹുലെന്നാണ് പൂജാര പറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റ് എങ്ങനെയാണ് കളിക്കേണ്ടതെന്ന് യുവതാരങ്ങള്‍ക്ക് രാഹുല്‍ കണിച്ചു കൊടുക്കുന്നുണ്ടെന്നും പൂജാര പറഞ്ഞു. ക്രിക് ഇന്‌ഫോയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘അദ്ദേഹം ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. എപ്പോഴും മുന്നില്‍ നിന്നും നയിക്കുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് എങ്ങനെയാണ് കളിക്കേണ്ടതെന്ന് യുവതാരങ്ങള്‍ക്ക് അദ്ദേഹം കാണിച്ചുകൊടുക്കുന്നുണ്ട്. ഓരോ താരങ്ങളുടെയും കളി ശൈലി വ്യത്യസ്തമാണ്. ചിലര്‍ അറ്റാക്ക് ചെയ്ത് കളിക്കും. എന്നാല്‍ ടെസ്റ്റ് പരമ്പരാഗതമായ രീതിയിലും മികച്ച രീതിയില്‍ കളിക്കാമെന്നും രാഹുല്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. അതിനാല്‍ സ്വന്തം കഴിവിലും ശക്തിയിലും വിശ്വസിച്ചുകൊണ്ടാണ് അദ്ദേഹം കളിക്കുന്നത്,’ പൂജാര പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ 162 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേ താരം റിട്ടയേഡ് ഹർട്ടാവുകയായിരുന്നു.

വലിയ വേദന അനുഭവപ്പെട്ടായിരുന്നു രാഹുല്‍ കളം വിട്ടത്. രണ്ടാം സെഷനില്‍ തന്നെ രാഹുലിന് പേശിവലിവിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എങ്കിലും മൂന്നാം സെഷനില്‍ ബാറ്റിങ്ങിനായി താരം വീണ്ടും ക്രീസിലെത്തുകയായിരുന്നു.

ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രഭാത് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്.

മാത്രമല്ല ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രതാപാണ് താരത്തെയും പുറത്താക്കിയത്. നിലവില്‍ പടിക്കലിനൊപ്പം ക്രീസിലുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ്. 36 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.

 

Content Highlight: Cheteshwar Pujara praise Indian wicket keeper KL Rahul

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.