[] തിരുവനന്തപുരം: മോദിയെ തിന്മയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയ കോളേജ് മാഗസിനുകള്‍ക്കെതിരെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കോളേജ് മാഗസിനുകള്‍ പിടിച്ചെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്ത നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.

വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

ഏതേസമയം മാഗസിന്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. കോളേജ് മാഗസിനെതിരെ കേസ് എടുത്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടി ശരിയായില്ലെന്നും തിനമയുടെ പ്രതീകമായി മോദിയെ കോളേജ് മാഗസിനില്‍ ചിത്രീകരിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കുന്നംകുളത്തെ പോളിടെക്‌നിക് കോളേജും ഗുരുവായുര്‍ ശ്രീകൃഷ്ണ കോളേജും പുറത്തിറത്തിയ മാഗസിനുകളില്‍ മോദിയെ തിന്മയുടെ പ്രതീകമായി ചിത്രീകരിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്കും പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.