സഞ്ജു എഫക്ട്! കളത്തിന് പുറത്ത് ആർ.സി.ബിയെ വെട്ടി ചെന്നൈയുടെ സൂപ്പർ തരംഗം
Cricket
സഞ്ജു എഫക്ട്! കളത്തിന് പുറത്ത് ആർ.സി.ബിയെ വെട്ടി ചെന്നൈയുടെ സൂപ്പർ തരംഗം
Sudev A
Saturday, 9th May 2026, 7:03 pm

ഐ.പി.എല്ലില്‍ വ്യൂവര്‍ഷിപ്പിലും തരംഗം സൃഷ്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഗാലറിയിലെ ആവേശത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഫ്‌ലാറ്റ് ഫോമിലും വമ്പന്‍ സ്വാധീനമാണ് ചെന്നൈ നടത്തിയിരിക്കുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരം ചെന്നൈയുടേതാണ്. സി.എസ്.കെയുടെ ഓരോ മത്സരവും കാണുന്നത് 308 മില്യണ്‍ ആരാധകരാണ്.

ചെന്നൈക്ക് പുറകിലുള്ളത് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. 303 മില്യണ്‍ ആളുകളാണ് ആര്‍.സി.ബിയുടെ മത്സരം വീക്ഷിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്(293 മില്യണ്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ്(290 മില്യണ്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(280 മില്യണ്‍) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ടീമുകള്‍.

ചെന്നൈ ഈ സീസണില്‍ തുടക്കത്തില്‍ നിരാശപ്പെടുത്തിയ പ്രകടനങ്ങള്‍ നടത്തിയെങ്കിലും രണ്ടാം ഘട്ടത്തില്‍ ടീം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. നിലവില്‍ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ച് വീതം ജയവും തോല്‍വിയുമായി 10 പോയിന്റോടെ ആറാം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനും സാധിക്കും.

നാളെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ദല്‍ഹിയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ എല്‍.എസ്.ജിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തകര്‍ത്താണ് റിഷബ് പന്തും സംഘവും പോരാട്ടത്തിനിറങ്ങുന്നത്.

മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാവും ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയിട്ടുണ്ട്. ആദ്യ സെഞ്ച്വറി ദല്‍ഹിക്കെതിരെയായിരുന്നു താരം നേടിയത്. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

ദല്‍ഹിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങുകയും ചെയ്തിരുന്നു. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് സഞ്ജു ക്യാപിറ്റല്‍സിനെതിരെ നേടിയത്.

Content Highlight: Chennai Super Kings is the most watched team in 2026 ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.