[]പത്തനംതിട്ട: ചെങ്ങറ സമര ഭൂമിയില്‍ നിന്ന് സമരസമിതി നേതാവ് ളാഹ ഗോപാലന്‍ ഇറക്കിവിട്ട കുടുംബങ്ങള്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട ഇവര്‍ ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്.
വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവ വില്പന നടത്തിയെന്നാരോപിച്ചാണ് സമരഭൂമിയില്‍ നിന്നും ളാഹ ഗോപാലന്‍ ഇവരെ പുറത്താക്കിയത്. എന്നാല്‍ ളാഹ ഗോപാലന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനുവേണ്ടിയാണ് തങ്ങളെ പിരിച്ചുവിട്ടതെന്നാണ് ഇവരുടെ ആരോപണം. തങ്ങളുടെ കുടില്‍ നിന്ന സ്ഥലം ളാഹ ഗോപാലന്‍ 50,000 രൂപയ്ക്ക് വിറ്റുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇവര്‍ പത്തനംതിട്ട കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 600ഓളം കുടുംബങ്ങളെ ചെങ്ങറ സമരഭൂമിയില്‍ നിന്നും ളാഹ ഗോപാലന്‍ ഇറക്കിവിട്ടെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. ളാഹ ഗോപാലന്‍ ഏകാധിപതിയെപ്പോലെയാണെന്നും സ്ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
വിവിധ ആവശ്യങ്ങളുടെ പേരില്‍ സ്ഥിരമായി പണപ്പിരിവ് നടക്കുന്നുണ്ട്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ക്രൂരമായി ളാഹ ഗോപാലനും ഗുണ്ടകളും മര്‍ദ്ദിക്കും. വഴങ്ങാത്തവരെ സമരഭൂമിയില്‍ നിന്നും പുറത്താക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, സമരഭൂമിയില്‍ നിന്നും പുറത്താക്കിയവരെ ജില്ലാഭരണകൂടം ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ളാഹ ഗോപാലനെ സംരക്ഷിക്കുന്ന നിലപാടാണ് ചര്‍ച്ചയില്‍ സ്വീകരിച്ചതെന്ന് ആരോപണമുണ്ട്. കലക്ടറുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് പുറത്താക്കപ്പെട്ടവര്‍ പറയുന്നത്.
