[]കോഴിക്കോട്: വിവാദങ്ങള്‍ക്കൊടുവില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ചെഴുതിയ ലേഖനത്തില്‍ എഴുത്തുകാരനെ പഴിചാരി ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ എ.പി കുഞ്ഞാമു എഴുതിയ ലേഖനത്തില്‍ ചന്ദ്രികക്ക് പങ്കില്ലെന്നും വിവാദ പരാമര്‍ശം ലേഖകന്റെ അഭിപ്രായമാണെന്നും ലീഗ് മുഖപത്രം വ്യക്തമാക്കി. []
“”ചന്ദ്രിക ദിനപത്രത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രതി/ഛായ എന്ന കോളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ചന്ദ്രിക നല്‍കുന്ന വിശദീകരണം”” എന്ന് പറഞ്ഞാണ് ചന്ദ്രികയുടെ നിലപാട് മാറ്റം.
എന്‍.എസ്.എസിനോടോ അതിന് നേതൃത്വം നല്‍കുന്ന ജി. സുകുമാരന്‍ നായരോടോ മുസ്‌ലിംലീഗിനോ, ചന്ദ്രികക്കോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും പത്രം വ്യക്തമാക്കി. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നത് പാര്‍ട്ടിയുടെയും ചന്ദ്രികയുടെയും നയവും നിലപാടുമാണെന്നും എ.പി കുഞ്ഞാമു എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് ഖേദകരമാണെന്നും ചന്ദ്രിക വെളിപ്പെടുത്തി.
രണ്ടു വര്‍ഷത്തിലധികമായി മുഖപ്രസംഗത്തിനു പകരം ചന്ദ്രികയില്‍ ആഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിച്ചുവരുന്ന കോളമാണ് പ്രതി/ഛായയെന്നും വിവാദവിഷയം എഴുതിയത് ശ്രീ കുഞ്ഞാമുവാണെന്നും ഖേദപ്രകടനത്തില്‍ ലീഗ് പത്രം പറയുന്നുണ്ട്.
ഡസ്‌കിലുള്ള സീനിയര്‍ പത്രപ്രവര്‍ത്തകരോ ചില ദിവസങ്ങളില്‍ ഗസ്റ്റ് കോളമിസ്റ്റ് എന്ന നിലക്ക് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ.പി കുഞ്ഞാമുവുമാണ് പ്രതി/ഛായ എന്ന കോളം തയാറാക്കുന്നതെന്നും പത്രം വ്യക്തമാക്കി.
ചന്ദ്രികയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം
ചന്ദ്രിക ദിനപത്രത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രതി/ഛായ എന്ന കോളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ചന്ദ്രിക നല്‍കുന്ന വിശദീകരണം.
രണ്ടു വര്‍ഷത്തിലധികമായി ആഴ്ചയിലൊരിക്കല്‍ മുഖപ്രസംഗത്തിനു പകരം ചന്ദ്രിക പ്രസിദ്ധീകരിച്ചുവരുന്ന കോളമാണ് പ്രതി/ഛായ. ചന്ദ്രികയുടെ ഡസ്‌കില്‍ നിന്ന് സീനിയര്‍ പത്രപ്രവര്‍ത്തകരും ചില ദിവസങ്ങളില്‍ ഗസ്റ്റ് കോളമിസ്റ്റ് എന്ന നിലക്ക് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ.പി കുഞ്ഞാമുവുമാണ് പ്രതി/ഛായ തയാറാക്കുന്നത്. ഒന്നിലധികം ആളുകള്‍ കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് എഴുതുന്ന ആളുടെ പേരു നല്‍കുന്ന പതിവില്ല. ഇത്തരം ആക്ഷേപഹാസ്യനിരീക്ഷണ പംക്തികളില്‍ ഒരു മലയാള പത്രവും എഴുതുന്ന ആളുടെ പേര് വെളിപ്പെടുത്താറില്ല. ചില പത്രങ്ങള്‍ ഒളിപ്പേരുകള്‍ ഉപയോഗിക്കാറുമുണ്ട്.
ചന്ദ്രികയില്‍, വിവാദവിഷയം എഴുതിയത് ശ്രീ കുഞ്ഞാമുവാണ്. ഇടതുപക്ഷ ചിന്തയും വീക്ഷണവുമുള്ള ഒട്ടേറെ പേര്‍ ദശാബ്ദങ്ങളായി ചന്ദ്രികയില്‍ എഴുതിവരുന്നുണ്ട്. മുഖ്യധാരാ പത്രം എന്ന നിലക്ക് ചന്ദ്രിക എല്ലാ വിഭാഗം ആളുകള്‍ക്കും ആശയ പ്രകാശനത്തിന് ഇടം നല്‍കാറുണ്ട്. പണ്ടുകാലത്തേ എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ചന്ദ്രിക സ്വീകരിച്ചുവരുന്ന നിലപാടാണിത്.
ഇവിടെ വിവാദ ലേഖനമെഴുതിയ എ.പി കുഞ്ഞാമു, കാലിക രാഷ്ട്രീയ സംഭവ വിശകലനത്തില്‍ സ്വതസിദ്ധമായ ശൈലി ഉപയോഗിച്ചപ്പോള്‍ ചില അതിരുകടക്കലുകള്‍ വന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് ഒരിക്കലും മുസ്‌ലിംലീഗിന്റെ അറിവോടെയോ നിര്‍ദ്ദേശത്തോടെയോ സംഭവിച്ച ഒന്നല്ല. മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് തുടങ്ങിയവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംലീഗ് ചന്ദ്രികയോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.
ജി. സുകുമാരന്‍ നായരോടോ, അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍.എസ്.എസിനോടോ മുസ്‌ലിംലീഗിനോ, ചന്ദ്രികക്കോ വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നത് പാര്‍ട്ടിയുടെയും ചന്ദ്രികയുടെയും നയവും നിലപാടുമാണ്. വേറെയൊരാള്‍ എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുംവിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണ്.
ചന്ദ്രികയില്‍ അച്ചടിച്ചുവന്ന ഏതെങ്കിലും പ്രയോഗങ്ങള്‍ ശ്രീ സുകുമാരന്‍നായരെയോ എന്‍.എസ്.എസിനെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എക്കാലത്തും സാമുദായിക സൗഹൃദം ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസികള്‍ എന്ന നിലക്ക് ഞങ്ങള്‍ക്കതില്‍ ഖേദമുണ്ട്. അതേസമയം, ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുള്ള “സ്വാതന്ത്ര്യം” യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമ ഫാസിസത്തില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.
ചീഫ് എഡിറ്റര്‍
