ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നാളെ. കൗണ്ട് ഡൗണ്‍ ആരംഭിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.15 നായിരുന്നു ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ പര്യവേഷണം നിര്‍ത്തിവെക്കുകയായിരുന്നു. നാളെ 2.243 നാണ് വിക്ഷേപണം.

ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്.

നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. ”ഗ്രാവിറ്റി” എന്ന ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 644 കോടി രൂപയായിരുന്നു ഗ്രാവിറ്റിയുടെ ചെലവ് എങ്കില്‍ മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു ഇന്ത്യ ചെലവഴിച്ചത്.

നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2-ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്റെ ദക്ഷിണധ്രുവപ്രദേശത്താണ്.