കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. കൊല്‍ക്കത്തയിലാണ് കൂടിക്കഴ്ച നടക്കുക. ഫെഡറല്‍ മുന്നണി രൂപീകരണ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.

ബി.ജെ.പി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷ്യവുമായി നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്. ഈ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും റാവുവും കൂടിക്കാഴ്ച നടത്തിയിരുന്നു.


വരും ദിവസങ്ങളില്‍ അഖിലേഷ് യാദവുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തും. തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ആറിനു സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കെ.സി.ആര്‍ 119 അംഗ സഭയില്‍ 88 സീറ്റിലും വിജയം നേടിയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരുപോലെ പരാജയപ്പെടുത്തിയാണ് കെ.സി.ആറിന്റെ വിജയം.


കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അതേസമയം, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ മമത ബാനര്‍ജിയും അഖിലേഷ് യാദവുവും അടക്കമുള്ളവര്‍ തുറന്ന എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.