ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും കേന്ദ്രം അറിയിച്ചു.

കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സി.ബി.ഐ നേരത്തെ സ്വീകരിച്ചിരുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ തക്ക പ്രത്യേകത കേസിനില്ലെന്നായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍ സി.ബി.ഐ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വ്യക്തമാക്കയിരുന്നു. കേന്ദ്രത്തോട് തീരുമാനം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.


Dont Miss നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു


തുടര്‍ന്ന് ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐയും സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം നിലപാട് തിരുത്തിയ സി.ബി.ഐയ്ക്ക് കേസ് ഏറ്റെടുക്കാന്‍ വൈകിപ്പിച്ചതിലും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അഞ്ച് മാസത്തോളം സി.ബി.ഐ കേസ് അന്വേഷണം വൈകിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതോടെ ശക്തിവേല്‍ അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പ്രതികരിച്ചു.