തിരുവനന്തപുരം: ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അധിക്ഷപിച്ചതില്‍ ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഇയാള്‍ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

മോഹന്‍ദാസിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ  തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു.

കലാപാഹ്വാനം, സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം, അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്ക് അവസരം ലഭിച്ചിരുന്നുവെങ്കില്‍ സമരത്തിനെത്തിയവരെ വെടിവെച്ച് കൊല്ലുമായിരുന്നുവെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഈ വീഡിയോയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും. ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.

ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും. കുറേ കാര്യങ്ങള്‍ നടക്കും. ഇപ്പോള്‍, ശരി ഞാന്‍ ഇങ്ങനെ ചെയ്യുന്നത് ഒരു പരിഹാരം ആണ്. പ്രക്ഷോഭം ഒക്കെ അടിച്ചമര്‍ത്താന്‍ പറ്റും,’ മോഹന്‍ദാസ് പറയുന്നു.

കൂടാതെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെല്ലാം പീഡനം ഇഷ്ടപ്പെടുന്നവരാണെന്നും ഇടതുപക്ഷക്കാര്‍ അങ്ങനെയാണ്, അതുകൊണ്ടാണ് പരാതിയുമായി വരാത്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

സംഭവം വിവാദമായതോടെ ആര്‍.എസ്.എസും ഇയാള്‍ക്കെതിരെ നിലപാടെടുക്കയായിരുന്നു. ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവന അപലപനീയമാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു സംഘടനയുടെ പക്ഷം. ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസ് നേതാവല്ലെന്നും ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlight: Case registered against T.G. Mohandas for incitement to riot over remarks suggesting students should be shot dead.