പാലക്കാട്: പട്ടാമ്പിക്ക് സമീപം കൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്. ബി.ജെ.പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബി.ജെ.പി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കൊപ്പം പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്.
ഈ മാസം മൂന്നിനാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. സി.സി.ടി.വി ക്യാമറകള്‍ മറച്ച ശേഷം പ്രതികള്‍ ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. എന്നാല്‍ പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സി.സി.ടി.വി കറുത്ത തുണികൊണ്ട് മറക്കുന്നത് അടക്കം ഈ ദൃശ്യങ്ങളിലുണ്ട്.
പ്രതികള്‍ ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കയറി, ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറ കറുത്ത തുണികൊണ്ട് മറച്ചാണ് മോഷണം നടത്തിയതെന്ന് കൊപ്പം പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു.
പാട്ടുകൊട്ടിലിനും ക്ഷേത്ര ഓഡിറ്റോറിയത്തിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിച്ചിരുന്ന പൂട്ടും ഇരുമ്പ് സ്‌ക്വയര്‍ പൈപ്പും അറുത്ത് അഴിച്ചുമാറ്റി കൊണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന് ഏകദേശം 6,000 രൂപയുടെ നഷ്ടം വരുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു.
ക്ഷേത്ര ഭൂമിയിലൂടെ ഗതാഗതം അനുവദിക്കാത്തതിലുള്ള വിരോധം കാരണമാണ് ഇവര്‍ മോഷണം നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.
Content Highlight: Temple Theft At Koppam, Palakkad- FIR Recorded
