ലോകകപ്പിലെ ഇന്ത്യയുടെ 'ഒറ്റയാന്റെ' പിന്തുണ സഞ്ജുവിനുണ്ട്; ചരിത്രമെഴുതാൻ ഒരു തിരിച്ചുവരവുണ്ടാകുമോ?
Cricket
ലോകകപ്പിലെ ഇന്ത്യയുടെ 'ഒറ്റയാന്റെ' പിന്തുണ സഞ്ജുവിനുണ്ട്; ചരിത്രമെഴുതാൻ ഒരു തിരിച്ചുവരവുണ്ടാകുമോ?
ഫസീഹ പി.സി.
Thursday, 5th February 2026, 5:40 pm

കുട്ടി ക്രിക്കറ്റിന്റെ പൂരമാണ് ഇനി വരാനുള്ളത്. രണ്ട് ദിവസങ്ങൾക്കിപ്പുറം 2026 ടി – 20 ലോകകപ്പ് എന്ന മാമാങ്കത്തിന് തിരിതെളിയും. പിന്നീട് അങ്ങോട്ട് ഒരു മാസക്കാലം കപ്പിനായുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്കാണ് ആരാധകർ സാക്ഷിയാവുക. കപ്പെന്ന ഒറ്റ മോഹത്തിൽ 20 ടീമുകൾ മാറ്റുരക്കുമ്പോൾ പൊടിപാറുമെന്ന് ഉറപ്പാണ്.

അതിനാൽ തന്നെ എല്ലാവരുടെയും കണ്ണുകൾ ഈയൊരു ടൂർണമെന്റിലായിരിക്കും. ലോക വേദിയിൽ താരങ്ങൾ നടത്തുന്ന വെടിക്കെട്ട് കാണുന്നതിനൊപ്പം തന്നെ അവരുടെ പ്രകടനങ്ങളും അവിടെ വിലയിരുത്തപ്പെടും. ഇതെല്ലാം നെഞ്ചിലേറ്റുമ്പോഴും ഈ വർഷത്തെ ടൂർണമെന്റിൽ ഒരു സെഞ്ച്വറി പിറക്കുമോ എന്ന ആകാംക്ഷയിൽ കൂടിയാണ് ആരാധകർ.

കഴിഞ്ഞ എഡിഷനിൽ സെഞ്ച്വറി പിറന്നിട്ടില്ലെങ്കിലും 2022ൽ രണ്ട് പേർ മൂന്നക്കം കടന്നിരുന്നു. ഇതുവരെ ടൂർണമെന്റിൽ 11 പേരാണ് സെഞ്ച്വറി സ്വന്തമാക്കിയത്. അതിൽ ഒരു ഇന്ത്യൻ താരം കൂടിയുണ്ട്. സുരേഷ് റെയ്ന.

സുരേഷ് റെയ്ന. Photo: CricketGully/x.com

2010ലായിരുന്നു സുരേഷ് റെയ്ന തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കക്ക് എതിരായിരുന്നു താരത്തിന്റെ ശതകം പിറന്നത്. ആ മത്സരത്തിൽ താരം നേടിയത് 60 പന്തുകളിൽ നിന്ന് 101 റൺസാണ്. താരത്തിന് ശേഷം ഒരു ഇന്ത്യക്കാരന് ടി – 20 ലോകകപ്പിൽ ടൺ അടിച്ചെടുക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ, അടുത്തിടെ തനിക്ക് കൂട്ടായി ഈ വർഷം ലിസ്റ്റിലേക്ക് ഒരാൾ കൂടിയെത്തുമെന്ന് റെയ്ന പറഞ്ഞിരുന്നു. ഈ നേട്ടം സ്വന്തമാക്കുമെന്ന് പ്രവചിച്ചത് മലയാളികളുടെ ഏറെ പ്രിയപ്പെട്ട സഞ്ജു സാംസണിനെയാണ്. സഞ്ജുവൊരു കഴിവുള്ള താരമാണെന്നും അവൻ ഈ ലോകകപ്പിൽ സെഞ്ച്വറി അടിക്കുമെന്നായിരുന്നു റെയ്‌നയുടെ വാക്കുകൾ.

അഭിഷേക് ശർമയും ഇഷാൻ കിഷനും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സഞ്ജു തന്നെയായിരിക്കും തന്റെ റെക്കോഡ് തകർക്കുകയെന്നും റെയ്ന പറഞ്ഞു വെച്ചു. ന്യൂസിലാൻഡിന് എതിരെ പരമ്പരയിൽ സഞ്ജു റൺസ് കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയായിരുന്നു മുൻ താരത്തിന്റെ ഈ പ്രവചനമെന്നതും ശ്രദ്ധേയമാണ്.

സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവിന്റെ സെഞ്ച്വറിയെ കുറിച്ച് റെയ്ന പ്രവചിച്ചെങ്കിലും ലോകകപ്പിൽ താരത്തിന്റെ ടീമിലെ സ്ഥാനം തുലാസിലാണ്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ഓപ്പണറായി എത്തിയത്. താരം തന്നെയാവും ലോകകപ്പിലും എത്തുക എന്നാണ് പലരും വിലയിരുത്തുന്നത്.

അതിനാൽ റെയ്‌നയുടെ ഈ പ്രവചനം എത്രത്തോളം ശരിയാവുമെന്ന് പറയാൻ സാധിക്കില്ല. പക്ഷേ, നമ്മുടെ സഞ്ജു ലോകകപ്പിൽ ഇന്ത്യക്കായി കളത്തിലെത്തുമെന്നും ചരിത്രം തിരുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Content Highlight: Can Sanju Samson back at form and hit century in T20 World Cup as Suresh Raina predicted

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി