പുതിയൊരേഷ്യയിലേക്ക് കൊളൊംബോ സമ്മേളനത്തിന്റെ ആഹ്വാനങ്ങള്‍
DISCOURSE
പുതിയൊരേഷ്യയിലേക്ക് കൊളൊംബോ സമ്മേളനത്തിന്റെ ആഹ്വാനങ്ങള്‍
സാമ്രാജ്യത്വം അതിന്റെ ആധിപത്യം നിലനിര്‍ത്തുന്ന വിവിധ മേഖലകളിലേക്ക് കടന്നുചെല്ലുന്നതായിരുന്നു ഓരോ സെഷനും. സൈനികവത്കരണം, കടക്കെണിയിലൂടെയും നവലിബറല്‍ നയങ്ങളിലൂടെയും ജനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കല്‍, അതിന് അനുകൂലമായ ആശയതലം സൃഷ്ടിക്കുന്ന സാംസ്‌കാരിക ഇടപെടലുകള്‍, ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍, അവയ്‌ക്കെതിരായ ബദലുകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ആലോചനകളും പ്രായോഗിക അനുഭവങ്ങളുടെ പങ്കുവെക്കലുകളും ഉള്‍ക്കൊള്ളുന്ന വേദികളായി അവ മാറി | ഡോ. നിതീഷ് നാരായണനും അഭിനവ് വി.കെ സതീഷും എഴുതുന്നു

പൊതുവില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോഴും നാം ജീവിക്കുന്ന ലോകത്തിനുമേല്‍ സാമ്രാജ്യത്വത്തിന്റെ നീരാളിക്കൈകള്‍ പടര്‍ന്ന് ചുറ്റി വരിഞ്ഞിരിക്കുന്നതെങ്ങനെയെന്ന ചര്‍ച്ച നമുക്കിടയില്‍ ഏറെ നടക്കാറില്ല. നേരിട്ടുള്ള യുദ്ധങ്ങളിലും അധിനിവേശങ്ങളിലും മാത്രം കേന്ദ്രീകരിച്ച് സാമ്രാജ്യത്വത്തെ മനസ്സിലാക്കുന്നതിന്റെ പരിമിതി കൂടിയാണത്.

ഇതിനപവാദമായിരുന്നു കൊളൊംബോയില്‍ നടന്ന ഹാന്‍ഡ്‌സ് ഓഫ് ഏഷ്യാ (Hands Off Asia – ഏഷ്യയുടെ മേല്‍ നിന്നും കൈയ്യെടുക്കുക) സമ്മേളനം. ഏഷ്യയില്‍ കൂടുതല്‍ വിപുലവും ഐക്യത്തോടെയുള്ളതുമായ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെ അടിവരയടുന്നതായിരുന്നു ഈ സമ്മേളനം.

ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് അസംബ്ലിയും ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചും ചേര്‍ന്ന് സംഘടിപ്പിച്ച ഹാന്‍ഡ്‌സ് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ് ജൂലൈ 16 മുതല്‍ 18 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ വച്ചാണ് നടന്നത്.

ഏഷ്യയിലെ ജനങ്ങളുടെ സുരക്ഷയെയും ക്ഷേമത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും സംസ്‌കാരങ്ങളെയുമെല്ലാം നിരാകരിക്കും വിധം സാമ്രാജ്യത്വം ഇടപെടുന്നതെങ്ങനെയെന്ന് ആഴത്തില്‍ പരിശോധിക്കുകയും അതിനെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതുമായിരുന്നു കൊളംബോ സമ്മേളനം.

15 രാജ്യങ്ങളില്‍ നിന്നായി 43 സംഘടനകളെ പ്രതിനിധീകരിച്ച് 70 പ്രതിനിധികള്‍ സമ്മേളനത്തിലുടനീളം പങ്കെടുത്തു. 2 പ്ലീനറി സെഷനുകളും വിവിധ വിഷയങ്ങളില്‍ ഏഴ് പാനല്‍ ചര്‍ച്ചകളുമായാണ് ത്രിദിന സമ്മേളനം നടന്നത്.

സാമ്രാജ്യത്വം അതിന്റെ ആധിപത്യം നിലനിര്‍ത്തുന്ന വിവിധ മേഖലകളിലേക്ക് കടന്നുചെല്ലുന്നതായിരുന്നു ഓരോ സെഷനും. സൈനികവത്കരണം, കടക്കെണിയിലൂടെയും നവലിബറല്‍ നയങ്ങളിലൂടെയും ജനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കല്‍, അതിന് അനുകൂലമായ ആശയതലം സൃഷ്ടിക്കുന്ന സാംസ്‌കാരിക ഇടപെടലുകള്‍, ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍, അവയ്‌ക്കെതിരായ ബദലുകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ആലോചനകളും പ്രായോഗിക അനുഭവങ്ങളുടെ പങ്കുവെക്കലുകളും ഉള്‍ക്കൊള്ളുന്ന വേദികളായി അവ മാറി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമ്മേളന പ്രതിനിധികള്‍

സാമ്രാജ്യത്വത്തിന്റെ ആധിപത്യം സൈനികമാണ്, സാമ്പത്തികമാണ്, സാംസ്‌കാരികവും രാഷ്ട്രീയപരവുമാണ്. അവയോരോന്നും മനസിലാക്കാതെ അവയ്‌ക്കെതിരായ ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കൊളംബോ സമ്മേളനം അടിവരയിട്ടു.

ലോകമെമ്പാടുമുള്ള യു.എസിന്റെ തൊള്ളായിരത്തിലധികം സൈനിക കേന്ദ്രങ്ങളില്‍ നാന്നൂറിലേറെയും ഉള്ളത് ഏഷ്യയിലാണ്. അവരുടെ ഏറ്റവും വലിയ ഓവര്‍സീസ് സൈനിക കേന്ദ്രവും ഇതേ ഭൂഖണ്ഡത്തില്‍ തന്നെയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ജപ്പാനിലെ ഓക്കിനാവ ദ്വീപില്‍. ഇരുപത്തിയെട്ടായിരത്തിലേറെ യു.എസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സൈനിക കേന്ദ്രം അവിടെയുണ്ട്.

ഓക്കിനാവയിലെ മനുഷ്യര്‍ ദീർഘകാലമായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ്. ജപ്പാന്റെ കേവലം ആറ് ശതമാനം മാത്രം ഭൂപരിധിയുള്ള ഓക്കിനാവയിലാണ് ആ രാജ്യത്തുള്ള യു.എസ് സൈനിക കേന്ദ്രങ്ങളുടെ 70 ശതമാനവുമുള്ളത്.

ഇറാന് നേരെ യു.എസ് നടത്തിയ യുദ്ധത്തെ തുടര്‍ന്നുള്ള തിരിച്ചടിയില്‍ പശ്ചിമേഷ്യയിലെ യു.എസ് മിലിട്ടറി ബേസുകള്‍ ഇറാന്‍ ലക്ഷ്യമിട്ടതും അത് ദക്ഷിണേഷ്യയിലെ ജീവിതത്തെയാകെ നേരിട്ട് ബാധിച്ചതും നാം അനുഭവിച്ചതേയുള്ളൂ.

ഒക്കിനാവയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍. Photo: Wikimedia Commons

ശ്രീലങ്കയുടെ ദക്ഷിണഭാഗത്തിനടുത്തുള്ള ഡീഗോ ഗാര്‍ഷ്യയിലെ യു.എസ് മിലിട്ടറി ബേസുകള്‍ അഫ്ഗാനിസ്ഥാനും ഇറാഖിനും ഇറാനുമെല്ലാമെതിരായി മിസൈല്‍ വിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു. ലോകത്തെയാകെ ഏത് നിമിഷവും സംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ പാകത്തിലാണ് ഇത്തരം സൈനിക കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഈ സൈനിക വിന്യാസമെന്ന് വ്യക്തമാവുകയാണ്.

ഡീഗോ ഗാര്‍ഷ്യയിലെ അമേരിക്കന്‍ മിലിറ്ററി ബേസില്‍ നിന്നും

പാകിസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഗായകനുമായ തൈമൂര്‍ റഹ്‌മാന്‍ എങ്ങനെയാണ് ഹ്രസ്വ- മധ്യ വരുമാന രാജ്യങ്ങളെ വിദേശകടക്കെണിയില്‍ പെടുത്തി സ്വതന്ത്രമായ വികസനപദ്ധതികള്‍ ഏറ്റെടുക്കാനുള്ള അവരുടെ ശേഷിയെ ഇല്ലാതാക്കുന്നതെന്ന് വിശദീകരിച്ചു.

തൈമൂര്‍ റഹ്‌മാന്‍. Photo: Wikipedia

11. 7 ട്രില്യണ്‍ യു.എസ് ഡോളറാണ് ഈ രാജ്യങ്ങളുടെ വിദേശകടം. ലോകത്ത് അഞ്ചില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അങ്ങേയറ്റം കടക്കെണിയിലുള്ള രാജ്യങ്ങളിലാണ്. അതായത് 330 കോടി ജനങ്ങള്‍ ജീവിക്കുന്ന നാടുകളില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന മൊത്തം തുകയേക്കാള്‍ കൂടുതലാണ് കടബാദ്ധ്യത തീര്‍ക്കാനായി ചെലവാക്കുന്നത്.

കടം തിരിച്ചടക്കാനായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 50 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. അവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ക്കായി ചെലവഴിക്കുന്നത് സര്‍ക്കാര്‍ വരുമാനത്തിന്റെ വെറും 18 ശതമാനം മാത്രമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് ആനുപാതികമായി ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നത് എന്നതാണ് ദു:ഖകരമായ കാര്യം.

സമ്പന്ന രാജ്യങ്ങള്‍ക്ക് 2-4% പലിശയ്ക്ക് വായ്പ ലഭിക്കുമ്പോള്‍ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ നിന്നും 8-15% വരെ പലിശ ഈടാക്കപ്പെടുന്നു. കടവുമായി ബന്ധപ്പെട്ട പലിശയടവിനും തിരിച്ചടവിനുമൊക്കെയാണ് പാകിസ്ഥാന്റെ വരുമാനത്തിന്റെ 55 ശതമാനവും ചെലവഴിക്കുന്നത്.

20 ശതമാനം സൈനിക ചെലവുകള്‍ക്കും. ബാക്കിയുള്ളതില്‍ നിന്നാണ് അന്നാട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പണം കണ്ടെത്തേണ്ടത്. ഇതാണ് പല വികസ്വര-അവികസിത രാജ്യങ്ങളുടെയും അവസ്ഥ.

യു.എസ് ഉള്‍പ്പടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായുണ്ടാക്കുന്ന കരാറുകള്‍ തന്നെ പലപ്പോഴും ഏകപക്ഷീയവും അസമത്വപരമായ നിബന്ധനകളില്‍ തയ്യാറാക്കപ്പെടുന്നതുമാണ്. മൂന്നാം ലോക രാജ്യങ്ങളിലെ മാര്‍ക്കറ്റിനെയും വിഭവങ്ങളെയും കൊള്ളയടിക്കുക എന്ന താത്പര്യം മാത്രമാണ് ഇങ്ങനെയുള്ള പല കരാറുകള്‍ക്ക് പിന്നിലുമുള്ളത്.

ഏറ്റവും ഒടുവിലെ ഇന്ത്യാ-യു.എസ് കാര്‍ഷിക വ്യാപാര കരാര്‍ നോക്കുക. യു.എസിലെ പ്രതിശീര്‍ഷ കാര്‍ഷിക സബ്‌സിഡി 21.5 ലക്ഷം രൂപയാണെങ്കില്‍ ഇന്ത്യയിലത് വെറും മുപ്പത്തിനാലായിരം രൂപ മാത്രമാണ്. 469 ഏക്കറാണ് യു.എസിലെ ശരാശരി പ്രതിശീര്‍ഷ കൃഷിഭൂമിയെങ്കില്‍ ഇന്ത്യയിലത് 2.6 ഏക്കര്‍ മാത്രമാണ്.

Modi and I are people who do things right; Trump with message

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

86 ശതമാനം കര്‍ഷകരും 5 ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ദരിദ്ര കര്‍ഷകരോ ഇടത്തരം കര്‍ഷകരോ ആണ്. ഈ രണ്ട് കൂട്ടരെയും ഒരേ കരാറിനു കീഴില്‍ കൊണ്ടുവരുന്നത് തന്നെ അനീതിയാണ്. ഇന്ത്യയിലെ തൊഴില്‍ സേനയിലെ 48 ശതമാനം കാര്‍ഷിക മേഖലയിലാണ് ഉള്ളത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കാന്‍ മാത്രമേ യു.എസുമായുള്ള കരാര്‍ കാരണമാവുകയുള്ളൂ. അതേ സമയം യു.എസിലെ കര്‍ഷകര്‍ക്ക് അവരുടെ വിഭവങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാനുള്ള വലിയ മാര്‍ക്കറ്റായി ഇന്ത്യ മാറുകയും ചെയ്യും.

ഇന്ത്യയ്ക്ക് മേലുള്ള യു.എസിന്റെ തീരുവ ഭീഷണികള്‍ നമുക്ക് പരിചിതമാണല്ലോ. വിദേശ ബന്ധങ്ങളിലും കച്ചവടത്തിലും ഇന്ത്യ സ്വതന്ത്രമായി നിലപാടെടുക്കാന്‍ പാടില്ലെന്നതാണ് യു എസ് പക്ഷം. എന്നാല്‍ ആ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങാതിരിക്കാനുള്ള ധൈര്യം ഇന്ത്യന്‍ ഭരണകൂടത്തിനില്ല താനും.

India-Us Trade Deal, both side decided to reschedule chief negotiators' talk

ട്രംപും മോദിയും

ഇങ്ങനെ ഭീഷണികളിലൂടെ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നത് സാമ്രാജ്യത്വത്തിന്റെ പതിവുരീതിയാണ്. നിര്‍ണായക ധാതുക്കള്‍ക്ക് മേല്‍ 32% തീരുവ ചുമത്തുമെന്ന യു.എസ് ഭീഷണി നേരിടുകയാണ് ഇന്തോനേഷ്യ.

അതിന്റെ ഭാഗമായി യു.എസിന്റെ ബോയിങ്ങ് വിമാനങ്ങള്‍ വാങ്ങാനും യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവകള്‍ നീക്കാനും തങ്ങളുടെ നിര്‍ണായക ധാതു വിഭവങളിലേക്കുള്ള വാതില്‍ യു എസിനായി തുറന്നുകൊടുക്കാനും അവര്‍ സമ്മതിച്ചിരിക്കുകയാണ്.

ഫിലിപ്പൈന്‍സിലെ ന്യൂ ക്ലാര്‍ക്ക് സിറ്റിയ്ക്കടുത്ത് പാക്‌സ് സിലിക്ക എന്ന യു.എസ് ടെക് നിര്‍മാണ ഹബ്ബിനായി നാലായിരം ഏക്കറാണ് നല്‍കിയിരിക്കുന്നത്. തദ്ദേശീയ സമൂഹങ്ങള്‍ അവിടെ നിന്നും കുടിയൊഴിക്കപ്പെടും. 99 കൊല്ലത്തേക്ക് അവിടെ നയതന്ത്ര കാര്യങ്ങളിലുള്‍പ്പടെ യു.എസിന് സ്വതന്ത്രമായി ഇടപെടാനാകുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഐ.എം.എഫ് പോളിസികളൂടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച ജനതയിലൊന്നാണ് ശ്രീലങ്കയിലേത്. 1977 ല്‍ ദക്ഷിണേഷ്യയില്‍ നവലിബറല്‍ പോളിസികള്‍ക്കായി ആദ്യം വാതിലുകള്‍ തുറന്നുകൊടുത്തതും ശ്രീലങ്ക തന്നെ. ആഭ്യന്തരയുദ്ധവും സാമ്പത്തിക അസ്ഥിരതയുമൊക്കെയായിരുന്നു അതിന്റെ ഫലം. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനെന്ന പേരിലാണ് ഐ.എം.എഫ് കരാറുകളില്‍ ഒപ്പിടാന്‍ തുടങ്ങിയത്.

17 കരാറുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ ബാധിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ അപകടപ്പെടുത്തും വിധമുള്ള കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്തു.

ശ്രീലങ്ക

രണ്ടര വര്‍ഷം മുന്‍പ് വലിയ ബഹുജന പ്രക്ഷോഭത്തിലേക്ക് നാട് നീങ്ങിയത് ഈ സാഹചര്യത്തിലാണ്. അതിനെത്തുടര്‍ന്ന് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീലങ്കയില്‍ അധികാരത്തിലേറുകയും ചെയ്തു. ഈ വെല്ലുവിളികളെ എങ്ങനെ മറികടക്കാന്‍ സാധിക്കും എന്നതിനെ അനുസരിച്ചാണ് ജനതാ വിമുക്തി പെരമുന (ജെ.വി.പി) നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുക.

ശ്രീലങ്കന്‍ പ്രസിഡന്റ് അരുണ കുമാര ദിസനായകെ

ഫലസ്തീനിലെ യു.എസ് പിന്തുണയോടെയുള്ള ഇസ്രഈല്‍ വംശഹത്യ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഏഷ്യയിലെ പുരോഗമന-വിപ്ലവ പ്രസ്ഥാനങ്ങള്‍ കൊളൊംബോയില്‍ ഒത്തുചേര്‍ന്നത്.

പരമാധികാരവും, സമാധാനവും സംരക്ഷിക്കപ്പെടാനും ഏഷ്യയിലെ ജനങ്ങളുടെ ചരിത്രത്തില്‍ ദീര്‍ഘമായ സമരചരിത്രമുള്ള സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ പാരമ്പര്യത്തെ തുടരുവാനുമെല്ലാമായി ഭൂഖണ്ഡത്തിലാകെയുള്ള ജനങ്ങളുടെ ഐക്യം സുപ്രധാനമാണെന്ന് കൊളൊംബോ പ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു.

സമ്മേളന പ്രതിനിധികള്‍

സാമ്രാജ്യത്വത്തിന്റെ കൈകളെ തങ്ങളുടെ ജീവിതത്തില്‍ നിന്നും വിച്ഛേദിച്ച ധീരജനതയുടെ ചരിത്രത്തിലേക്ക് മുന്നേറാന്‍ ഏഷ്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

(നിതീഷ് നാരായണന്‍ ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ ഗവേഷകനും അഭിനവ് വി കെ സതീഷ് ആര്‍ട്ടിസ്റ്റുമാണ്. യംഗ് സോഷ്യലിസ്റ്റ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മയിലെ കോര്‍ഡിനേറ്റര്‍മാരാണ് രണ്ടുപേരും.)

 

Content Highlight: Calls of the Colombo Conference for a New Asia

 

ഡോ. നിതീഷ് നാരായണന്‍, അഭിനവ് വി.കെ സതീഷ്
നിതീഷ് നാരായണന്‍ ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ ഗവേഷകനും അഭിനവ് വി കെ സതീഷ് ആര്‍ട്ടിസ്റ്റുമാണ്. യംഗ് സോഷ്യലിസ്റ്റ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മയിലെ കോര്‍ഡിനേറ്റര്‍മാരാണ് രണ്ടുപേരും